സൗദിയിലെ സ്വകാര്യ സ്ഥാപനങ്ങളിൽ ലക്ഷത്തിലേറെ നിയമലംഘനങ്ങൾ കണ്ടെത്തി
|മാനവവിഭവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിന് കീഴിൽ നടത്തിയ പരിശോധനയിലാണ് കണ്ടെത്തൽ
ജിദ്ദ: സൗദിയിൽ ശമ്പളം വൈകിച്ചതുൾപ്പെടെ ഒരു ലക്ഷത്തി ഏഴായിരം നിയമലംഘനങ്ങൾ കണ്ടെത്തി. ഈ വർഷം ആദ്യപകുതിയിൽ മാനവവിഭവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിന് കീഴിൽ വിവിധ സ്വകാര്യ സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിലാണ് ഇക്കാര്യങ്ങൾ കണ്ടെത്തിയത്. സ്ഥാപനങ്ങൾക്ക് പിഴയോ മുന്നറിയിപ്പ് നോട്ടീസോ നൽകുന്നതായും മന്ത്രാലയം അറിയിച്ചു.
വിവിധ സ്വകാര്യമേഖല സ്ഥാപനങ്ങളിൽ 1,07,000 നിയമലംഘനങ്ങളാണ് കണ്ടെത്തിയത്. ഇതിനായി 7 ലക്ഷത്തോളം പരിശോധന നടത്തി. 88,000 സ്ഥാപനങ്ങൾക്ക് മുന്നറിയിപ്പ് നോട്ടീസ് നൽകിയിട്ടുണ്ട്. ശമ്പളം തടഞ്ഞുവെച്ച 16,000 കേസുകളുമുണ്ട്. ഓരോ മാസവും ശമ്പളം സമയത്ത് നൽകാത്ത 60,000 പരാതികളും ലഭിച്ചു. സൗദികൾക്കു മാത്രമായി അനുവദിച്ച തൊഴിലിൽ വിദേശികളെ പ്രവേശിപ്പിച്ചതിന് 8,000 സ്ഥാപനങ്ങൾക്കും നോട്ടീസ് നൽകി.
നിയമ ലംഘനം ആവർത്തിക്കുന്നവർ നഷ്ടപരിഹാരത്തിന് പുറമെ പിഴയും നൽകേണ്ടി വരും. 2024-ന്റെ ആദ്യപകുതിയിൽ സ്വകാര്യമേഖലയിലെ സ്വദേശിവൽക്കരണം 93.5% ആയി ഉയർത്താനായതായും മന്ത്രാലയം അറിയിച്ചു. തൊഴിൽ സംബന്ധമായ പരാതികൾ സൗദിയിൽ ജോലി ചെയ്യുന്നവർക്ക് 19911 എന്ന നമ്പറിലോ മന്ത്രാലയത്തിന്റെ ആപ്ലിക്കേഷൻ വഴിയോ അറിയിക്കാം.