സൗദി ഊർജ സിറ്റിയായ സ്പാർക്കിൽ 60ലേറെ നിക്ഷേപങ്ങൾ
|300 കോടി ഡോളർ മൂലധന മൂല്യമുള്ള പദ്ധതികൾ
ദമ്മാം:സൗദി കിഴക്കൻ പ്രവിശ്യയിൽ നിർമാണം പുരോഗമിക്കുന്ന ഊർജ സിറ്റിയായ സ്പാർക്കിൽ നിക്ഷേപങ്ങളരാരംഭിക്കുന്നതിന് കൂടുതൽ സംരംഭകരെത്തുന്നു. ഇതിനകം 60ലേറെ നിക്ഷേപങ്ങൾ പദ്ധതിയുടെ ഭാഗമായതായി സ്പാർക് അധികൃതർ വെളിപ്പെടുത്തി. മുന്നൂറ് കോടി ഡോളർ മൂല്യമുള്ള പദ്ധതികളാണിവ. കൂടുതൽ നിക്ഷേപങ്ങൾ പദ്ധതിയുടെ ഭാഗമാകുമെന്നും സ്പാർക് വൃത്തങ്ങൾ വ്യക്തമാക്കി. പദ്ധതി വഴി പതിനായിരങ്ങൾക്ക് തൊഴിലവസരം ഒരുങ്ങുന്നതായും ബന്ധപ്പെട്ടവർ വ്യക്തമാക്കി.
സൗദിയുടെ സ്വപ്ന പദ്ധതികളിലൊന്നായ കിംഗ് സൽമാൻ എൻജി പാർക്ക് സ്പാർക്കിലേക്ക് കൂടുതൽ നിക്ഷേപങ്ങളെത്തിയതായി സ്പാർക്ക് അധികൃതർ വെളിപ്പെടുത്തി. സൗദിയുടെ കിഴക്കൻ നഗരമായ അൽഹസ്സക്കും ദമ്മാമിനുമിടയിലാണ് സ്പാർക്ക് നിർമിക്കുന്നത്. 2018ൽ സൗദി കിരീടവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനാണ് പദ്ധതി പ്രഖ്യാപിച്ചതും നിർമാണ പ്രവൃത്തി ഉദ്ഘാടനം ചെയ്തതും. സൗദി ദേശീയപരിവർത്തന പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പ്രഖ്യാപനം. അൻപത് കിലോമീറ്റർ ചുറ്റളവിൽ നിർമിക്കുന്ന പ്രൊജക്ടിൽ രാജ്യത്തിന്റെ ഊർജ ഉൽപാദന രംഗത്തും ഗവേഷണ രംഗത്തും വമ്പൻ മാറ്റങ്ങൾ സാധ്യമാക്കുന്നതാണ് പദ്ധതി. ഭാവിയിൽ സ്പാർക്ക് ഊർജ വ്യവസായത്തിന്റെ ആഗോള ഹബ്ബായി പരിവർത്തിപ്പിക്കാനും പദ്ധതിയുണ്ട്. വ്യാവസായിക കേന്ദ്രം, ഡ്രൈപോർട്ട്, ബിസിനസ്സ് ഏരിയ, പരിശീലന മേഖല, പാർപ്പിട വാണിജ്യ മേഖല എന്നീ അഞ്ച് മേഖലകളെ ഉൾപ്പെടുത്തിയാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. പദ്ധതി വഴി പതിനായിരങ്ങൾക്ക് നേരിട്ടും പരോക്ഷമായും തൊഴിൽ അവസരങ്ങളും ഒരുങ്ങും.