തക്കാളിയിലും ഉറുമാൻ പഴത്തിലും ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 70 ലക്ഷത്തിലധികം മയക്കുമരുന്ന് ഗുളികകൾ പിടികൂടി
|ഇലക്ട്രിക് കേബിളുകൾക്കുള്ളിൽ ഒളിപ്പിച്ച് കടത്തിയ 50 ലക്ഷത്തോളം ഗുളികകളും പിടിച്ചെടുത്തു
സൗദിയിൽ 70 ലക്ഷത്തിലധികം മയക്കു മരുന്ന് ഗുളികകൾ പിടികൂടി. തക്കാളിയിലും ഉറുമാൻ പഴത്തിലും ഒളിപ്പിച്ച് കടത്താനുള്ള ശ്രമത്തിനിടെ 20 ലക്ഷത്തിലധികം ഗുളികകളും ഇലക്ട്രിക് കേബിളുകൾക്കുള്ളിൽ ഒളിപ്പിച്ച് കടത്തിയ 50 ലക്ഷത്തോളം ഗുളികകളും പിടിച്ചെടുത്തു.
ഹദീത തുറമുഖം വഴി രാജ്യത്തേക്ക് കടത്താനുള്ള ശ്രമത്തിനിടെയാണ് സകാത്ത്, ടാക്സ്, കസ്റ്റംസ് അതോറിറ്റി 20 ലക്ഷത്തിലധികം ക്യാപ്റ്റഗണ്‍ ഗുളികകൾ പിടികൂടിയത്. തക്കാളിയും ഉറുമാൻ പഴവുമായി എത്തിയ ട്രക്കുകളിൾ ഒന്നിൽ വിദഗ്ധമായി ഒളിപ്പിച്ച നിലയിലായിരുന്നു ലഹരി ഗുളികകൾ കണ്ടെത്തിയത്. ഒറ്റനോട്ടത്തിൽ തക്കാളിയെന്നോ, ഉറുമാൻ പഴമെന്നോ തോന്നിപ്പിക്കുന്ന പ്രത്യേക പാക്കറ്റുകൾക്കുള്ളിൽ വിദഗ്ധമായി ഒളിപ്പിച്ച് കടത്താനായിരുന്നു ശ്രമം. റിയാദിൽ ഇലക്ട്രിക് കേബിളിനുള്ളിൽ ഒളിപ്പിച്ച് കടത്തിയ 50 ലക്ഷം ആംഫറ്റമിൻ ഗുളികകളും സൗദി നർകോട്ടിക്സ് കൺട്രോൾ ജനറൽ ഡയറക്ടറേറ്റ് പിടിച്ചെടുത്തു.
റിയാദിലെത്തിയ ചരക്കിലെ വലിയ ചുറ്റുകളായി എത്തിയ ഇലക്ട്രിക് കേബിളുകളുടെ ഉള്ളിൽ നിന്ന് ഇലക്ട്രിക് അയൺ വയറുകൾ നീക്കിയ ശേഷം പകരം ഗുളികകൾ നിറച്ച നിലയിലായിരുന്നു കണ്ടെത്തിയത്. ഇലക്ട്രിക് കേബിളുകൾ സൂക്ഷിച്ചിരുന്ന ഗോഡൗൺ ഏരിയയിലെത്തിയാണ് നർകോട്ടിക്സ് വിഭാഗം ഇത് കണ്ടെടുത്തത്. സംഭവത്തിൽ ഉത്തരവാദിയായ ഒരാളെ അറസ്റ്റ് ചെയ്താതയും അധികൃതർ അറിയിച്ചു.