പത്തിലേറെ ഡ്രോണുകള്‍; സൗദിയിലേക്ക് വീണ്ടും ഹൂത്തികളുടെ ആക്രമണ ശ്രമം
|ഹൂത്തി ആക്രമണത്തിൽ വലിയ തീപ്പിടിത്തമാണ് ജിദ്ദയിലെ എണ്ണ സംസ്കരണ കേന്ദ്രത്തിലുണ്ടായത്.
സൗദിയിലേക്ക് വീണ്ടും പത്തിലേറെ ഡ്രോണുകളുമായി ഹൂത്തികളുടെ ഡ്രോൺ ആക്രമണ ശ്രമം. ജിദ്ദയിൽ അരാംകോ പ്ലാന്‍റിലുണ്ടായ തീപ്പിടിത്തം അണക്കുവാനുള്ള ശ്രമങ്ങൾ തുടരുകയാണ്. ജിസാൻ, റിയാദ്, ജിദ്ദ, റാസ്തനൂറ പ്ലാന്‍റുകളിലേക്ക് ആക്രമണം നടത്തിയതായി ഹൂത്തികൾ അവകാശപ്പെട്ടു. ഞായറാഴ്ച റിയാദിൽ തുടങ്ങുന്ന യമൻ സമാധാന ചർച്ച തടസ്സപ്പെടുത്താനാണ് ഹൂത്തികളുടെ ശ്രമമെന്ന് സൗദി സഖ്യസേന ആരോപിച്ചു. സൗദി വിമാനത്താവളങ്ങളിലെ വിവിധ സർവീസുകൾ വൈകിയിട്ടുണ്ട്.
ഹൂത്തി ആക്രമണത്തിൽ വലിയ തീപ്പിടിത്തമാണ് ജിദ്ദയിലെ എണ്ണ സംസ്കരണ കേന്ദ്രത്തിലുണ്ടായത്. ഇവിടെ തീയണക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. ഇന്ന് രാവിലെയും സൗദിയിലെത്തിയ ഹൂത്തി ഡ്രോണുകൾ തകർത്തതായി സഖ്യസേന അറിയിച്ചു. സൗദിയില്‍ വിവിധ കേന്ദ്രങ്ങളില്‍ ആക്രമണങ്ങള്‍ നടത്താന്‍ ഹൂത്തികള്‍ തൊടുത്ത പത്തു ഡ്രോണുകളും ജിസാന്‍ ലക്ഷ്യമിട്ട് തൊടുത്ത ഒരു ബാലിസ്റ്റിക് മിസൈലും സൗദി സൈന്യം തകര്‍ത്തു.
ജിസാന്‍ പ്രവിശ്യയില്‍ പെട്ട സ്വാംതയില്‍ വൈദ്യുതി വിതരണ നിലയത്തിനു നേരെ ഹൂത്തികള്‍ ഷെല്ലാക്രമണവും നടത്തി. ഷെല്‍ പതിച്ച് വൈദ്യുതി വിതരണ നിലയത്തില്‍ അഗ്നിബാധയുണ്ടായി. ആര്‍ക്കെങ്കിലും പരിക്കോ ആളപായമോ ഉണ്ടായിട്ടില്ല. പുലര്‍ച്ചെ ആറു ഡ്രോണുകളും പിന്നീട് മൂന്നു ഡ്രോണുകളുമാണ് സൗദി സൈന്യം തകര്‍ത്തത്. വൈകീട്ട് നജ്‌റാന്‍ ലക്ഷ്യമിട്ട് തൊടുത്തുവിട്ട മറ്റൊരു ഡ്രോണും സൗദി സൈന്യം തകര്‍ത്തു. ഡ്രോണുകളും ബാലിസ്റ്റിക് മിസൈലുകളും തകര്‍ക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോകള്‍ സഖ്യസേന പുറത്തുവിട്ടു. റിയാദ്, ജിദ്ദ, ജിസാൻ, റാസ്തനൂറ എന്നിവിടങ്ങളിൽ ആക്രമണം നടത്തിയെന്നാണ് ഹൂതികളുടെ അവകാശ വാദം. ഞായറാഴ്ച സൗദിയിൽ പത്ത് ദിനം നീളുന്ന യമൻ സമാധാന ചർച്ച നടക്കുന്നുണ്ട്. ജിസിസി കൗൺസിലിന് കീഴിലാണ് യോഗം. ഇതിലേക്കുള്ള ക്ഷണം ഹൂതികൾ നിരസിച്ചിരുന്നു. ജിദ്ദയിൽ ഇന്ന് ഫോർമുല വൺ കാറോട്ട മത്സരവും നടക്കുന്നുണ്ട്.