ആദ്യ 20 മിനിറ്റ് സൗജന്യം; സൗദിയിൽ പാർക്കിങ് ഫീസ് ഏകീകരിക്കാൻ നീക്കം
|മണിക്കൂറിന് മൂന്ന് റിയാലായി തുക നിശ്ചയിക്കാനാണ് നീക്കം.
റിയാദ്: സൗദിയിൽ വാഹന പാർക്കിങ് ഫീസുകൾ ഏകീകരിക്കാൻ നീക്കം. മുനിസിപ്പൽ ഗ്രാമവികസന മന്ത്രാലയം ഇതിനായുള്ള കരട് തയ്യാറാക്കുന്ന പ്രവർത്തനങ്ങൾ തുടങ്ങി. മണിക്കൂറിന് മൂന്ന് റിയാലായി തുക നിശ്ചയിക്കാനാണ് നീക്കം.
സൗദിയിലെ പ്രധാന നഗരങ്ങളിലെല്ലാം പാർക്കിങ് ഫീസുണ്ട്. പാർക്കിങ് കോംപ്ലക്സുകളിലും ചാർജ് ഈടാക്കുന്നുണ്ട്. പലയിടത്തും പല നിരക്കാണ് നിലവിലുള്ളത്. ചിലയിടത്ത് വാറ്റ് നിരക്ക് കൂടാതെ മൂന്ന് റിയാലാണ് ഈടാക്കുന്നത്. അഞ്ച് റിയാൽ വരെ മണിക്കൂറിന് ചാർജ് ഈടാക്കുന്ന സ്വകാര്യ പാർക്കിങ് കേന്ദ്രങ്ങളുണ്ട്. ഇതെല്ലാം ഒരൊറ്റ നിരക്കിലേക്ക് മാറ്റാനാണ് നീക്കം. മണിക്കൂറിനു മൂന്ന് റിയാലിൽ കൂടാൻ പാടില്ല. ആദ്യ 20 മിനിറ്റ് പാർക്കിങ് സൗജന്യമായിരിക്കണം. വാഹന പാർക്കിങ് കേന്ദ്രങ്ങളിലെല്ലാം ഭിന്നശേഷിക്കാർക്ക് പ്രത്യേക സ്ഥലം നീക്കിവെക്കണം. എന്നിവയാണ് പ്രധാന നിർദേശങ്ങൾ. രാജ്യത്തെ പാർക്കിങ് കോംപ്ലക്സുകളിൽ മുതൽ മുടക്കിയവരോട് വാഹന പാർക്കിങ് ഫീസ് സംബന്ധിച്ചുള്ള നിർദേശം മന്ത്രാലയം നൽകും. പാർക്കിങ് മേഖല സ്ഥാപിക്കുന്നതിനുള്ള പുതിയ ചട്ടങ്ങളും മന്ത്രാലയം പൂർത്തിയാക്കിയിട്ടുണ്ട്.