നൗഷാദ് കിളിമാനൂരിന് സൗദിയിൽ പരിസ്ഥിതി ഫോട്ടോഗ്രാഫി പുരസ്‌കാരം
|സൗദി പരിസ്ഥിതി-ജല-കാർഷിക മന്ത്രാലയം തെരഞ്ഞെടുത്ത മികച്ച എട്ട് ഫോട്ടോ-വീഡിയോഗ്രാഫർമാരിൽ വിദേശി നൗഷാദ് മാത്രം
റിയാദ്: ലോക പരിസ്ഥിതി വാരാചരണത്തിന്റെ ഭാഗമായി സൗദി പരിസ്ഥിതി മന്ത്രാലയം സംഘടിപ്പിച്ച ഫോട്ടോഗ്രാഫി അവർഡിന് നൗഷാദ് കിളിമാനൂർ അർഹനായി. സൗദി പരിസ്ഥിതി-ജല-കാർഷിക മന്ത്രാലയം മത്സരത്തിലൂടെ തെരഞ്ഞെടുത്ത മികച്ച എട്ട് ഫോട്ടോ-വീഡിയോഗ്രാഫർമാരിൽ വിദേശി നൗഷാദ് മാത്രമായിരുന്നു. റിയാദിൽ നടന്ന ചടങ്ങിൽ പരിസ്ഥിതി സഹമന്ത്രി മൻസൂർ അൽ ഹിലാൽ അൽ മുഷയ്ത്തി അവാർഡ് സമ്മാനിച്ചു.
റിയാദിലെ ഫോട്ടോഗ്രാഫർമാരുടെ കൂട്ടായ്മയായ ഷട്ടർ അറേബ്യ നടത്തുന്ന വരാന്ത്യ ഫോട്ടോ പരിപാടികൾക്കിടെ ലഭിച്ച അറേബ്യൻ കുറുനരിയുടെ അപൂർവചിത്രമാണ് നൗഷാദിനെ അവർഡിന് അർഹനാക്കിയത്. ആയിരത്തി അഞ്ഞൂറിലധികം ചിത്രങ്ങളിൽ നിന്നുമാണ് ഈ അപൂർവചിത്രം തെരഞ്ഞെടുക്കപ്പെട്ടത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വീഡിയോഗ്രാഫർമാർക്കും മന്ത്രി അവർഡുകൾ സമ്മാനിച്ചു. ചടങ്ങിൽ ഡോ. കെ.ആർ. ജയചന്ദ്രൻ, രാജേഷ് ഗോപാൽ എന്നിവർ സംബന്ധിച്ചു. തിരുവനന്തപുരം കിളിമാനൂർ സ്വദേശിയായ നൗഷാദ് ചിത്രകാരനും എഴുത്തുകാരനും കൂടിയാണ്. ഭാര്യ: സജീന നൗഷാദ്, മക്കൾ: നൗഫൽ നൗഷാദ്, നൗഫിദ നൗഷാദ്.