നവോദയ സ്നേഹസംഗമം ക്യാമ്പയിൻ സമാപന സമ്മേളനം നാളെ ദമ്മാമിൽ
|നവോദയ സാംസ്കാരിക വേദി സൗദി കിഴക്കൻ പ്രവിശ്യ ഘടകം സംഘടിപ്പിച്ചു വന്ന സ്നേഹസംഗമം കാമ്പയിനിന്റെ സമാപനം സംഘടിപ്പിക്കുന്നു. സ്നേഹപൂർവ്വം പ്രവാസികളോട് എന്ന തലക്കെട്ടിലാണ് കഴിഞ്ഞ രണ്ടു മാസമായി കമ്പയിൻ സംഘടിപ്പിച്ചത്. സമാപന പരിപാടി നാളെ വൈകിട്ട് ദമ്മാമിൽ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു. റിയാദ് കിങ് യൂണിവേഴ്സിറ്റി ട്രൈയിനർ ഡോ. അബ്ദുൽ സലാം ഒമർ പരിപാടി ഉദ്ഘാടനം ചെയ്യും.
ഈ വർഷം ജൂൺ-ജൂലൈ മാസങ്ങളിലായി നടന്ന പരിപാടിക്ക് വലിയ സ്വീകാര്യതയാണ് പ്രവാസി സമൂഹത്തിൽ ലഭിച്ചത്. നവോദയ കിഴക്കൻ പ്രവിശ്യയിലെ കുടുംബവേദികൾ അടക്കം 22 ഏരിയകളിലായി 139 യൂണിറ്റുകളിൽ പതിനായിരത്തോളം പ്രവാസികൾ പരിപാടിയിൽ പങ്കെടുത്തു.
കോവിഡ് കാലഘട്ടത്തിനുശേഷം പ്രവാസികളുടെ ഇടയിലെ തൊഴിൽ നഷ്ടവും, സാമ്പത്തിക പ്രതിസന്ധിയും പ്രവാസികളുടെ ഇടയിലെ ആരോഗ്യം, സമ്പാദ്യ ശീലം, സാമ്പത്തിക വിനിമയങ്ങൾ, വ്യായാമം, ഭക്ഷണ രീതി, തൊഴിൽ-നിയമ പ്രശനങ്ങൾ, ഒഴിവാക്കേണ്ട ശീലങ്ങൾ, കുടുംബ-സാമൂഹിക ബന്ധങ്ങൾ, പാരന്റിങ് എന്നിവയെ കുറിച്ച് ബോധവൽക്കരണം നൽകുക എന്നതാണ് 'സ്നേഹപൂർവ്വം പ്രവാസികളോട് 'എന്ന ഈ ക്യാമ്പയിൻ കൊണ്ട് നവോദയ ഉദ്ദേശിക്കുന്നത്.
പ്രവാസികൾക്കിടയിൽ ആത്മഹത്യാ പ്രവണതയും, ഹൃദ്രോഗവും, മാനസിക പ്രശ്നങ്ങളും ഗണ്യമായി വർദ്ധിച്ചിട്ടുണ്ട് എന്ന വസ്തുതകളുടെ അടിസ്ഥാനത്തിലാണ് നവോദയ പ്രവാസി സമൂഹത്തിൽ ബോധവൽക്കരണം ആസൂത്രണം ചെയ്തത്.