നവോദയ സ്പോർട്സ് മീറ്റ്-2023 നാളെ സമാപിക്കും
|നവോദയ സാംസ്കാരിക വേദി കിഴക്കൻ പ്രവിശ്യ കഴിഞ്ഞ നവംബറിൽ നവോദയ സ്പോർട്സ് മീറ്റ്-2023 എന്ന പേരിൽ ആരംഭിച്ച കായികമേള നാളെ സമാപിക്കും. 137 യൂണിറ്റുകളിലായി, സ്ത്രീകളും കുട്ടികളുമടക്കം 6,500 ആളുകളാണ് 14 ഇനങ്ങളിലായി വ്യത്യസ്ത കാറ്റഗറികളിൽ ഇതുവരെ മത്സരിച്ചത്.
യൂണിറ്റ് തലങ്ങളിൽ വിജയികളായവർ ഏരിയ തലങ്ങളിൽ മത്സരിക്കുകയും ഏരിയ തലങ്ങളിൽ മത്സരിച്ച് ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കിയവർ നാളെ റഹിമ സ്പോർട്സ് ക്ലബ്ബ് ഗ്രൗണ്ടിൽ നടക്കുന്ന മെഗാ ഫൈനലിൽ കളത്തിളിറങ്ങും. 900 പേരാണ് മെഗാ ഫൈനലിൽ മാറ്റുരക്കുകയെന്ന് നവോദയ ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
നാളെ രാവിലെ 8ന് നവോദയയുടെ 22 ഏരിയ ടീമുകൾ അണിനിരക്കുന്ന മാർച്ച്പാസ്റ്റോടെ മത്സരങ്ങൾക്ക് തുടക്കമാകും. കൂടാതെ പൊതുജനങ്ങൾ പങ്കെടുക്കുന്ന 4 കി.മീ മാരത്തോണും ഒരുക്കിയിട്ടുണ്ട്. വൈകിട്ട് 6ന് ആരംഭിക്കുന്ന വർണ്ണാഭമായ സാംസ്ക്കാരിക ഘോഷയാത്രയോടെ സമാപന സമ്മേളനം ആരംഭിക്കും. മുൻപ് 2014ലും 2017ലും ഇത്തരം കായിക മാമങ്കം സംഘടിപ്പിച്ചിട്ടുണ്ടെന്നും ഭാരവാഹികൾ അറിയിച്ചു.
കേന്ദ്ര സ്പോട്സ് ചെയർമാൻ ഉണ്ണി ഏങ്ങണ്ടിയൂർ, കേന്ദ്ര സ്പോട്സ് കൺവീനർ നൗഫൽ വെളിയംകോട്, ജനറൽ സെക്രട്ടറി റഹീം മാടത്തറ, നവോദയ രക്ഷാധികാരി പവനൻ മൂലക്കീൽ, കേന്ദ്ര കുടുംബവേദി സ്പോർട്സ് ചെയർപേഴ്സൺ നിരഞ്ജിനി സുധീഷ് എന്നിവർ പങ്കെടുത്തു സംസാരിച്ചു.