സൗദിയില്‍ ക്രിമിനല്‍, അഡ്മിനിസ്ട്രേറ്റീവ് കേസുകളില്‍ 641 പ്രതികളെ തിരയുന്നതായി അഴിമതി വിരുദ്ധ സമിതി
|അഴിമതികള്‍ ശ്രദ്ധയില്‍പെട്ടാല്‍ ഉടനടി ബന്ധപ്പെട്ട അധികാരികള്‍ക്ക് വിവരം കൈമാറണമെന്നും അതോറിറ്റി ആവശ്യപ്പെട്ടു
കഴിഞ്ഞ മാസം നടത്തിയ വ്യാപക പരിശോധനയില്‍ രാജ്യത്ത അഡ്മിനിസ്ട്രേറ്റീവ്, ക്രിമിനല്‍ കേസുകളിലായി പ്രതികളായ 641 വ്യക്തികള്‍ക്കെതിരെ അന്വേഷണം ആരംഭിച്ചതായി അഴിമതി വിരുദ്ധ, മേല്‍നോട്ട സമിതി(നസഹ) അറിയിച്ചു.
കൈക്കൂലി, കള്ളപ്പണം വെളുപ്പിക്കല്‍, അധികാര ദുരുപയോഗം, പൊതു ഫണ്ട് ദുരുപയോഗം ചെയ്യല്‍, വ്യാജരേഖ ചമയ്ക്കല്‍ എന്നിങ്ങളെയുള്ള നിരവധി കുറ്റകൃത്യങ്ങളാണ് പരിശോധനയില്‍ കണ്ടെത്തിയത്. പ്രതിരോധം, ആഭ്യന്തരം, ആരോഗ്യം, നീതിന്യായം, മുനിസിപ്പല്‍, റൂറല്‍ അഫയേഴ്സ്, ഹൗസിങ്, വിദ്യാഭ്യാസം തുടങ്ങിയ സുപ്രധാന മന്ത്രാലയങ്ങളിലെ ജീവനക്കാര്‍ ഉള്‍പ്പെടെ 233 പൗരന്മാരെയും പ്രവാസികളേയും ഇതിനകം നസഹ അറസ്റ്റ് ചെയ്തിട്ടുമുണ്ട്.
കസ്റ്റഡിയിലുള്ളവര്‍ക്കെതിരെ ആവശ്യമായ നടപടികള്‍ക്കായി ഉടനെ കോടതിയില്‍ ഹാജരാക്കും. രാജ്യത്തിന്റെ പൊതു സ്വത്തുകള്‍ സംരക്ഷിക്കുന്നതിനായി സാമ്പത്തികമോ ഭരണപരമോ ആയ ഏതെങ്കിലും അഴിമതികള്‍ ശ്രദ്ധയില്‍പെട്ടാല്‍ ഉടനടി ബന്ധപ്പെട്ട അധികാരികള്‍ക്ക് വിവരം കൈമാറണമെന്നും അതോറിറ്റി ആവശ്യപ്പെട്ടു.