മക്കയിലെ ചേരി പ്രദേശത്ത്‌നിന്ന് ഒഴിപ്പിച്ചവര്‍ക്ക് പുതിയ വീടുകള്‍ കൈമാറി
|കുടിയൊഴിപ്പിക്കപ്പെട്ട താമസക്കാര്‍ക്ക് വിവിധ ഘട്ടങ്ങളിലായി 68,000ലധികം സേവനങ്ങള്‍ നല്‍കും
മക്കയിലെ ചേരി പ്രദേശത്ത്‌നിന്ന് ഒഴിപ്പിച്ച നിരവധി കുടുംബങ്ങള്‍ക്കായി നിര്‍മിച്ചു നല്‍കുന്ന പുതിയ ഭവനങ്ങള്‍ മക്ക റീജിയന്‍ ഗവര്‍ണര്‍ ഖാലിദ് അല്‍ ഫൈസല്‍ രാജകുമാരന്‍ കൈമാറി. ഹൗസിങ് ഡെപ്യൂട്ടി മന്ത്രി എന്‍ജിനീയര്‍ അബ്ദുല്ല അല്‍ ബാദിറിന്റെ സാന്നിധ്യത്തിലാണ് ഒട്ടനവധി കുടുംബങ്ങള്‍ക്ക് സഹായകരമാകുന്ന ഭവനകൈമാറ്റ ചടങ്ങ് നടന്നത്.
ചടങ്ങുമായി ബന്ധപ്പെട്ട് വിവിധ സെഷനുകളുടേയും ഖാലിദ് അല്‍ ഫൈസല്‍ രാജകുമാരന്റെയും നിരവധി ചിത്രങ്ങളാണ് പ്രാദേശിക മാധ്യമങ്ങള്‍ പുറത്തുവിട്ടത്.
ജിദ്ദ ഗവര്‍ണറേറ്റില്‍നിന്ന് വീടുകള്‍ നീക്കം ചെയ്ത ചേരികളിലെ പൗരന്മാര്‍ക്ക് സൗജന്യമായി ഭവനങ്ങള്‍ നിര്‍മിച്ച് നല്‍കുന്നതടക്കമുള്ള വിവിധ സേവനങ്ങള്‍ നല്‍കുമെന്ന് അധികൃതര്‍ നേരത്തെ തന്നെ അറിയിച്ചിരുന്നു. അതിന്റെ ഭാഗമായാണ് ചടങ്ങുകല്‍ സംഘടിപ്പിച്ചത്.
പ്രദേശത്തെ കുടിയൊഴിപ്പിക്കപ്പെട്ട താമസക്കാര്‍ക്ക് വിവിധ ഘട്ടങ്ങളിലായി 68,000ലധികം സേവനങ്ങള്‍ നല്‍കും. അതില്‍ പ്രധാനപ്പെട്ടതാണ് സൗജന്യ ഭവന കൈമാറ്റം. ഇതിന്റെ ഭാഗമായി ജിദ്ദയിലെ ചേരികളില്‍നിന്ന് കുടിയൊഴിപ്പിക്കപ്പെട്ട കുടുംബങ്ങള്‍ക്ക് 2022 അവസാനത്തോടെ തന്നെ 4,781 ഭവന യൂണിറ്റുകളാണ് സജ്ജീകരിച്ച് നല്‍കുകയെന്ന് അധികൃകര്‍ വ്യക്തമാക്കിയിട്ടുണ്ട്.