വരാനിരിക്കുന്ന ലോകകപ്പിനുള്ള സൗദിയുടെ മുന്നൊരുക്കം മികച്ചതെന്ന് നെയ്മർ
|ചരിത്രത്തിലെ മികച്ച വേൾഡ്കപ്പാകാനുള്ള എല്ലാ സംവിധാനവും സൗദിയിലുണ്ടെന്നും നെയ്മർ പറഞ്ഞു
റിയാദ്: വരാനിരിക്കുന്ന ലോകകപ്പിനുള്ള സൗദിയുടെ മുന്നൊരുക്കം മികച്ചതെന്ന് അൽ ഹിലാൽ സ്ട്രൈക്കർ നെയ്മർ. ചരിത്രത്തിലെ മികച്ച വേൾഡ്കപ്പാകാനുള്ള എല്ലാ സംവിധാനവും സൗദിയിലുണ്ട്. ഇതു വരെ കണ്ടതിൽ വെച്ച് ഏറ്റവും വ്യക്തതയുള്ളതാണ് സൗദിയുടെ ലോകക്കപ്പ് പ്ലാനെന്നും നെയ്മർ പറഞ്ഞു. 2034 ലാണ് അടുത്ത ലോകകപ്പ് മത്സരം നടക്കുന്നത്.
അടുത്ത മാസമാണ് 2034 ലോകകപ്പിന്റെ ഔദ്യോഗിക പ്രഖ്യാപനം. അപേക്ഷയുമായി രംഗത്തുള്ളത് സൗദി മാത്രമാണ്. മറ്റുള്ളവരെല്ലാം പിന്മാറിക്കഴിഞ്ഞു. സൗദിയുടെ തയ്യാറെടുപ്പ് ഇതുവരെ നടന്നതിൽ വെച്ച് ഏറ്റവും മികച്ചതാണെന്നാണ് അൽഹിലാൽ സ്ട്രൈക്കർ നെയ്മർ പറഞ്ഞത്. എല്ലാം കൃത്യമായി വ്യക്തമാക്കുന്നതാണ് സൗദി ഫിഫക്കായി നൽകിയ ബിഡ് അഥവാ അപേക്ഷ. കളിക്കാരുടെ താമസ സ്ഥലവും സ്റ്റേഡിയവും തമ്മിൽ ദൂരം കുറക്കാനായിട്ടുണ്ട്. ഇത് കളിക്കാർക്ക് ഗുണം ചെയ്യും. ദീർഘ യാത്ര ഒഴിവാക്കുന്നതിലൂടെ മികച്ച കളി പുറത്തെടുക്കാൻ അവസരമൊരുക്കും. റിയാദിൽ നടന്ന ബിഡ് പ്രദർശനം സന്ദർശിച്ചതിന് ശേഷമാണ് നെയ്മർ ഇക്കാര്യം പറഞ്ഞത്.
വേൾഡ് കപ്പ് നടത്തുന്നതിനുള്ള സൗകര്യങ്ങളും സമയക്രമങ്ങളും തുടങ്ങി മുഴുവൻ വിവരങ്ങളുമടങ്ങിയ രൂപരേഖയാണ് ബിഡ്. ഫിഫക്കാണ് ബിഡ് അപേക്ഷ നൽകേണ്ടത്. സ്റ്റേഡിയങ്ങൾ, സ്റ്റേഡിയങ്ങൾ തമ്മിലുള്ള അകലം, യാത്രാ സൗകര്യം, താമസസൗകര്യങ്ങൾ മുതലായവയുടെ കൃത്യമായ വിവരങ്ങൾ ഇതിൽ നൽകിയിരിക്കണം. ബിഡ് പരിശോധിച്ച ശേഷം ഫിഫ അനുമതി നൽകിയാലാണ് തെരഞ്ഞെടുത്ത രാജ്യത്തിന് ആതിഥേയത്വം വഹിക്കാനാവുക.