സൗദിയിലെ ഖിവ പ്ലാറ്റ്‌ഫോമിൽ രജിസ്റ്റർ ചെയ്തത് തൊണ്ണൂറ് ലക്ഷം പേർ
|സൗദിയിലെ തൊഴിൽ കരാറുകൾ ഖിവ പ്ലാറ്റ്‌ഫോമിൽ രജിസ്റ്റർ ചെയ്യൽ നിർബന്ധമാണ്
റിയാദ്: സൗദിയിലെ തൊഴിൽ മന്ത്രാലയത്തിന് കീഴിലുള്ള ഖിവ പ്ലാറ്റഫോമിൽ രജിസ്‌ട്രേഷൻ പൂർത്തിയാക്കിയവരുടെ എണ്ണം തൊണ്ണൂറു ലക്ഷം കവിഞ്ഞു. സൗദിയിലെ തൊഴിൽ കരാറുകൾ ഖിവ പ്ലാറ്റഫോമിൽ രജിസ്റ്റർ ചെയ്യൽ നിർബന്ധമാണ്. ബാക്കിയുള്ളവർ എത്രയും പെട്ടെന്ന് തന്നെ പൂർത്തിയാക്കേണ്ടതുണ്ടെന്നും മാനവ വിഭവ ശേഷി സാമൂഹിക വികസന മന്ത്രാലയം ഓർമ്മപ്പെടുത്തി.
സൗദിയിലെ തൊഴിലുടമയും, തൊഴിലാളിയും തമ്മിലുള്ള മുഴുവൻ തൊഴിൽ കരാറുകളും ഖിവ പ്ലാറ്റ്ഫോം വഴിയാണ് രെജിസ്റ്റർ ചെയ്യേണ്ടത്. ഈ സേവനം നേരത്തെ ഘട്ടംഘട്ടമായി നടപ്പിലാക്കിയിരുന്നു. സൗദിയിലെ ഭൂരിഭാഗം സ്ഥാപനങ്ങളും നിലവിൽ കരാറുകൾ ഖിവ പ്ലാറ്റഫോമിലേക്ക് മാറ്റിയതായി സൗദിയിലെ മാനവ വിഭവ ശേഷി സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. ഇനിയും പൂർത്തിയാക്കാത്തവർക്കാണ് മന്ത്രാലയം മുന്നറിയിപ്പ് നൽകുന്നത്. തൊഴിൽ തർക്കങ്ങളിലുൾപ്പെടെ ഖിവ പ്ലാറ്റ്‌ഫോമിലെ കരാറുകളാണ് തെളിവായി പരിഗണിക്കുക.
തൊഴിൽ വകുപ്പ് ഉൾപ്പെടെ മന്ത്രാലയത്തിന്റെ മുഴുവൻ സേനവങ്ങളും ഉൾപ്പെടുത്തികൊണ്ട് ഏപ്രിൽ 23നാണ് ഖിവ പ്ലാറ്റ് ഫോം പ്രവർത്തനമാരംഭിച്ചത്. പിന്നീട് വിവിധ ഘട്ടങ്ങളിലായി നിരവധി സേവനങ്ങളും ഇതിലേക്ക് ചേർക്കപ്പെട്ടു. അതിന്റെ തുടർച്ചായായാണ് വിസ സേവനങ്ങളും ആരംഭിച്ചത്. സർക്കാർ ടെണ്ടറുകളിൽ ഉൾപ്പെടെ പങ്കെടുക്കുവാനും, മറ്റു സേവനങ്ങൾക്കാവശ്യമായ സൗദിവൽക്കരണ സർട്ടിഫിക്കറ്റുകളും ഖിവാ പ്ലാറ്റ്ഫോം വഴി സ്വകാര്യ സ്ഥാപനങ്ങൾക്ക് അനുവദിക്കുന്നുണ്ട്. വിദേശ തൊഴിലാളികൾക്ക് തൊഴിൽ പെർമിറ്റ് അനുവദിക്കൽ, തൊഴിൽ പെർമിറ്റ് പുതുക്കൽ, സ്പോൺസർഷിപ്പ് മാറ്റം, പ്രൊഫഷൻ മാറ്റം, തൊഴിൽ കരാർ തുടങ്ങി നിരവധി സേവനങ്ങളാണ് ഖിവ പ്ലാറ്റ് ഫോം വഴി നൽകിവരുന്നത്.