മക്കയിൽ ഉംറ നിർവഹിക്കാൻ ഇനി വാക്‌സിനേഷൻ നിർബന്ധമില്ല
|തീർഥാടകർ കോവിഡ് ബാധിതരോ രോഗികളുമായി സമ്പർക്കം പുലർത്തിയവരോ ആകരുതെന്ന് വ്യവസ്ഥയുണ്ട്.
മക്കയിൽ ഉംറ നിർവഹിക്കുവാൻ കോവിഡ് വാക്സിൻ എടുക്കണമെന്ന വ്യവസ്ഥ റദ്ധാക്കി. ഇനി മുതൽ കോവിഡ് കുത്തിവെപ്പെടുക്കാത്തവർക്കും ഉംറക്ക് അനുമതി നൽകുമെന്ന് ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു.
എന്നാൽ തീർഥാടകർ കോവിഡ് ബാധിതരോ രോഗികളുമായി സമ്പർക്കം പുലർത്തിയവരോ ആകരുതെന്ന് വ്യവസ്ഥയുണ്ട്.
നേരത്തെ കോവിഡ് കുത്തിവെപ്പെടുത്തവർക്ക് മാത്രമേ മക്കയിലെ ഹറം പള്ളിയിൽ ഉംറ ചെയ്യുവാൻ അനുമതി നൽകിയിരുന്നുള്ളൂ. മക്കയിലേയും മദീനയിലേയും ഹറം പള്ളികളിൽ പ്രവേശിക്കുവാനോ, ഉംറയോ മറ്റു ആരാധന കർമ്മങ്ങളോ ചെയ്യുന്നതിനോ വാക്‌സിനെടുക്കാത്തവർക്ക് യാതൊരു വിലക്കുമില്ല. എന്നാൽ ഉംറ ചെയ്യുന്നതിനും റൌളാ ശരീഫിൽ നമസ്‌കരിക്കുന്നതിനും പെർമിറ്റെടുക്കൽ നിർബന്ധമാണ്.
ഓരോരുത്തരുടേയും ആരോഗ്യ സ്ഥിതിക്കനുസരിച്ചാണ് ഉംറക്ക് പെർമിറ്റുകൾ അനുവദിക്കുക. തവക്കൽനാ, ഇഅ്തമർനാ ആപ്പുകൾ വഴി പെർമിറ്റുകൾ ലഭിക്കും. വിദേശ തീർഥാടകർക്കും ആഭ്യന്തര തീർഥാടകർക്കും ഈ വ്യവസ്ഥകൾ ബാധകമായിരിക്കുമെന്നും മന്ത്രാലയം അറിയിച്ചു.