Saudi Arabia
ഒമിക്രോൺ: സൗദിയിൽ കോവിഡ് നിയന്ത്രണത്തിലെ ഇളവുകൾ റദ്ദാക്കി
Saudi Arabia

ഒമിക്രോൺ: സൗദിയിൽ കോവിഡ് നിയന്ത്രണത്തിലെ ഇളവുകൾ റദ്ദാക്കി

Web Desk
|
31 Dec 2021 5:11 PM GMT

സൗദിയിൽ കോവിഡ് പ്രോട്ടോകോളുകളിൽ നൽകിയിരുന്ന ഇളവുകൾ ഇന്നലെ മുതൽ റദ്ദാക്കി. ഒമിക്രോൺ വ്യാപന പശ്ചാത്തലത്തിലാണ് പുതിയ തീരുമാനം. മാസ്ക്, കോവിഡ് പ്രോട്ടോകോൾ ലംഘനങ്ങൾ കണ്ടെത്താൻ രാജ്യത്തൊട്ടാകെ പരിശോധനയും ആരംഭിച്ചിട്ടുണ്ട്. മക്ക മദീന ഹറമുകളിലും കോവിഡ് നിയന്ത്രണങ്ങൾ കടുപ്പിച്ചു.

സൗദിയിൽ വീണ്ടും കോവിഡ് വ്യാപനത്തിൻ്റെ പുതിയ തരംഗം രൂപപ്പെട്ട പശ്ചാതലത്തിലാണ് പ്രതിരോധനടപടികൾ ശക്തമാക്കിയത്. മാസ്ക് ധരിക്കുന്നതിലുൾപ്പെടെ നേരത്തെ നൽകിയിരുന്ന പല ഇളവുകളും ഇന്നലെ മുതൽ റദ്ദാക്കി. രാജ്യത്ത് പ്രതിദിന കേസുകളിൽ വർധന തുടരുകയാണ്. കഴിഞ്ഞ ഒരാഴ്ചക്കുള്ളിൽ മാത്രം 3,668 പേർക്ക് പുതിയതായി കോവിഡ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതിൽ ആഗോളതലത്തിൽ വ്യാപിച്ച് കൊണ്ടിരിക്കുന്ന കോവിഡിൻ്റെ പുതിയ വകഭേദമായ ഒമിക്രോണും ഉൾപ്പെടും.

വിവിധ ആശുപത്രികളിലായി അയ്യായിരത്തോളം പേർ നിലവിൽ കോവിഡ് ബാധിച്ച് ചികിത്സയിലുണ്ട്. വരും ദിവസങ്ങളിൽ കേസുകൾ ഇനിയും ഉയരുവാനുള്ള സാധ്യത മുന്നിൽ കണ്ടാണ് പ്രതിരോധ നടപടികൾ കർശനമാക്കിത്. കടകൾ, ഷോപ്പിംഗ് മാളുകൾ, സിനിമാ തിയേറ്ററുകൾ, റസ്റ്റോറൻ്റുകൾ, കളി സ്ഥലങ്ങൾ, പള്ളികൾ തുടങ്ങി അടച്ചിട്ടതും തുറസ്സായതുമായ മുഴുവൻ സ്ഥലങ്ങളിലും കർശനമായ പ്രതിരോധ നടപടികൾ പാലിക്കേണ്ടതാണെന്ന് ആഭ്യന്തര മന്ത്രാലയം ഓർമ്മിപ്പിച്ചു.. വീഴ്ച വരുത്തുന്നവരെ കണ്ടെത്താൻ രാജ്യത്തൊട്ടാകെ പരിശോധനയും ശക്തമാക്കി. മക്ക മദീന ഹറമുകളിലും ഇന്നലെ മുതൽ നിയന്ത്രണങ്ങൾ കർശനമാക്കിയിട്ടുണ്ട്.

Summary : Omicron: Covid concessions canceled in Saudi Arabia

Related Tags :
Similar Posts