മക്കയിൽ തിരക്ക് വർധിക്കുന്നു; റമദാനിൽ ഒരാൾക്ക് ഒരു ഉംറ മാത്രം
|ഏറ്റവും കൂടുതൽ ഉംറ തീർഥാടകർ മക്കയിലെത്തുന്നത് റമദാൻ മാസത്തിലാണ്
മക്ക: റമദാനിൽ ഒന്നിൽ കൂടുതൽ തവണ ഉംറ ചെയ്യാൻ ആരെയും അനുവദിക്കില്ലെന്ന് സൗദി അറേബ്യയിലെ ഹജ്ജ് ഉംറ മന്ത്രാലയം വ്യക്തമാക്കി. എല്ലാവർക്കും ഉംറ ചെയ്യാൻ അവസരമൊരുക്കുന്നതിന്റെ ഭാഗമായാണിത്. മക്കക്ക് പുറത്ത് നിന്ന് വരുന്ന തീർഥാടകർ പാർക്കിംഗ് കേന്ദ്രങ്ങളിൽനിന്ന് ബസ് മാർഗം ഹറമിലേക്കെത്തണമെന്നും മന്ത്രാലയം അറിയിച്ചു.
ഏറ്റവും കൂടുതൽ ഉംറ തീർഥാടകർ മക്കയിലെത്തുന്നത് റമദാൻ മാസത്തിലാണ്. അതിനാൽ തന്നെ റമദാൻ ഒന്ന് മുതൽ തന്നെ വൻതിരക്കാണ് മക്കയിൽ കണ്ടുവരുന്നത്. ഒരു തവണ ഉംറ നിർവഹിക്കാൻ എല്ലാവർക്കും അവസരം നൽകും. ആവർത്തിച്ചുള്ള ഉംറക്ക് ഇത്തവണ ആർക്കും അനുവാദമില്ല. തിരിക്ക് കുറക്കുന്നിന്റേയും എല്ലാവർക്കും അവസരം ഒരുക്കുന്നതിന്റെയും ഭാഗമായാണ് നിയന്ത്രണം. നുസ്‌ക്, തവക്കൽനാ ആപ്പുകൾ വഴി പെർമിറ്റെടുത്തവരെ മാത്രമേ ഉംറ ചെയ്യാൻ അനുവദിക്കുകയുള്ളൂവെന്ന് മന്ത്രാലയം വ്യക്തമാക്കി. അതിനാൽ ഒരു തവണ ഉംറ ചെയ്തവർക്ക് റമദാനിൽ വീണ്ടും പെർമിറ്റ് അനുവദിക്കില്ല. പെർമിറ്റെടുത്തവർ നിർബന്ധമായും സമയക്രമം പാലിക്കേണ്ടതാണ്. പെർമിറ്റെടുക്കാതെ ഉംറ ചെയ്ത് പിടിക്കപ്പെട്ടാൽ വൻ തുക പിഴ ചുമത്തും. മക്കയുടെ പുറത്ത് നിന്ന് വരുന്നവർ മക്കയുടെ പ്രവേശന കവാടങ്ങളിൽ തയ്യാറാക്കിയിട്ടുള്ള പാർക്കിംഗ് കേന്ദ്രങ്ങളിൽ വാഹനം പാർക്ക് ചെയ്യേണ്ടതാണ്. തുടർന്ന് ഹറമിലേക്കും തിരിച്ചും യാത്ര ചെയ്യാൻ ഷട്ടിൽ ബസ് സർവീസുകൾ ഉപയോഗിക്കണമെന്ന് ട്രാഫിക് വിഭാഗം അറിയിച്ചു.
One can perform only one Umrah in Ramadan