ഉമ്മന്‍ ചാണ്ടി പ്രവാസികളെ ചേര്‍ത്ത് പിടിച്ച നേതാവ്: ദമ്മാം മീഡിയ ഫോറം
|പ്രവാസി സമൂഹത്തിന്റെ വിവിധ പ്രശ്നങ്ങളില്‍ തനിക്ക് അധികാരമുള്ളപ്പോഴും ഇല്ലാതിരുന്ന സന്ദര്‍ഭങ്ങളിലും ഇപെടലുകള്‍ നടത്തുകയും പരിഹാരം കാണുകയും ചെയ്ത നേതാവായിരുന്നു മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെന്ന് ദമ്മാം മീഡീയ ഫോറം അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
വധശിക്ഷക്ക് വിധിക്കപ്പെട്ടിരുന്ന പ്രവാസി മലയാളികളെ ദിയാധനം നല്കി വധശിക്ഷയില്‍നിന്നും രക്ഷപ്പെടുത്തിയത് പ്രവാസി സമൂഹം എന്നും സ്മരിക്കുമെന്ന് അനുശോചന സന്ദേശത്തില്‍ പറഞ്ഞു. ഉമ്മന്‍ ചാണ്ടിയുടെ ദമ്മാം സന്ദര്‍ശന വേളയിലായിരുന്നു മീഡിയ ഫോറം ഓഫീസ് ഉദ്ഘാടനം ചെയ്തത്.
ജാതിമത ചിന്തകൾക്കപ്പുറം ഓരോ മനുഷ്യന്റെയും സങ്കടങ്ങളും പ്രയാസങ്ങളും പ്രശ്നങ്ങളും പരിഹരിക്കപ്പെടണമെന്ന ചിന്ത ഉമ്മൻചാണ്ടിയുടെ മനസിൽ ആഴത്തിൽ വേരൂന്നിയിരുന്നു. ആ ചിന്തയാണ് പിൽക്കാലത്ത് ഉമ്മൻചാണ്ടിയെന്ന നേതാവിന്റെ ഉയർച്ചയ്ക്ക് അടിത്തറയായത്.
എല്ലാ മതവിഭാഗങ്ങൾക്കും ജാതികൾക്കും ഉമ്മൻചാണ്ടി ഒരുപോലെ അഭികാമ്യനായിരുന്നു. എല്ലാവർക്കും 'നമ്മുടെ ആൾ' എന്നു തോന്നുന്ന രീതിയിലാണ് ഉമ്മൻചാണ്ടി പ്രവർത്തിച്ചതും ജനക്കൂട്ടത്തിനു നടുവിൽ നിലകൊണ്ടതും.
വൻകിട വികസന പദ്ധതികൾക്ക് രൂപം നൽകുന്ന മുഖ്യമന്ത്രിയായി ഒരുവശത്തും അനേകരുടെ കണ്ണീരൊപ്പുന്ന ജനസമ്പർക്ക പരിപാടിയുമായി മറുവശത്തും ഒരേപോലെ പ്രവർത്തിക്കാൻ കഴിഞ്ഞു എന്നതാണ് രാഷ്ട്രീയരംഗത്ത് ദീപസ്തംഭമായി തിളങ്ങിനിതക്കാൻ ഉമ്മൻചാണ്ടിയെ പ്രാപ്തനാക്കിയത്. ഉമ്മൻചാണ്ടി ഓർമ്മയാകുമ്പോൾ കേരളത്തിന്റെ പ്രിയപുത്രൻ മടങ്ങിപ്പോയതിന്റെ ആഘാതമാവും രാഷ്ട്രീയത്തിനതീതമായി ഏവരിലും നിറയുകയെന്ന് മീഡീയ ഫോറം ഭാരവാഹികള്‍ അനുശോചനന സന്ദേശത്തില്‍ പറഞ്ഞു.