സൗദിയില്‍ പാര്‍ട്ട് ടൈം ജീവനക്കാരുടെ എണ്ണത്തില്‍ വര്‍ധന
|സ്വദേശികള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിന് മാനവ വിഭവശേഷി മന്ത്രാലയം ഏര്‍പ്പെടുത്തിയ സംവിധാനമാണ് പാര്‍ട്ട് ടൈം തൊഴില്‍ പദ്ധതി
സൗദിയില്‍ സ്വകാര്യ മേഖലയില്‍ പാര്‍ട്ട് ടൈം ജോലി ചെയ്യുന്നവരുടെ എണ്ണത്തില്‍ വര്‍ധനവ്. ഇരുപതിനായിരത്തിലധികം സ്വദേശികള്‍ പദ്ധതി പ്രയോജനപ്പെടുത്തി വരുന്നതായി ഗോസി പുറത്ത് വിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. സ്വദേശികള്‍ക്ക് കൂടുതല്‍ തൈഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിന് മാനവ വിഭവശേഷി മന്ത്രാലയം ഏര്‍പ്പെടുത്തിയ സംവിധാനമാണ് പാര്‍ട്ട് ടൈം തൊഴില്‍ പദ്ധതി.
ജനറല്‍ ഓര്ഗനൈസേഷന് ഫോര്‍ സോഷ്യല്‍ ഇന്‍ഷൂറന്‍സ് അഥവ ഗോസിയാണ് പുതിയ കണക്ക് പുറത്ത് വിട്ടത്. രാജ്യത്ത് പാര്‍ട്ട് ടൈം വേതന വ്യവസ്ഥയില്‍ ജോലിയെടുക്കുന്നവരുടെ എണ്ണത്തില്‍ വര്‍ധനവ് രേഖപ്പെടുത്തിയതായി റിപ്പോര്‍ട്ട് പറയുന്നു. 20546 പേര് നിലവില്‍ പദ്ധതി പ്രയോജനപ്പെടുത്തുന്നുണ്ട്. ഇത് മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 18 ശതമാനം കൂടുതലാണ്.
2019 ല്‍ മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയമാണ് പദ്ധതി പ്രഖ്യാപിച്ചത്. സ്വദേശികളായ തൊഴിലന്വേഷകര്‍ക്ക് കൂടുതല്‍ തൊഴില്‍ സാധ്യതകളും വരുമാനവും വര്‍ധിപ്പിക്കുന്നതിന് ലക്ഷ്യമിട്ടാണ് തുടക്കം. പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്തവരില്‍ ഭൂരിഭാഗവും സെയില്‍സ് മേഖലയിലാണ് ജോലിയെടുക്കുന്നത്. പുരുഷ വനിതാ ജീവനക്കാര്‍ പദ്ധതി പ്രയോജനപ്പെടുത്തി വരുന്നുണ്ട്. മണിക്കൂറില്‍ വേതനം നിശ്ചയിച്ചാണ് നിയമനം. തൊഴിലാളിയും തൊഴിലുടമയും തമ്മിലുണ്ടാക്കുന്ന ധാരണ മന്ത്രാലയത്തിന്റെ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യുന്നതോടെ തൊഴില്‍ കരാര്‍ നിലവില്‍ വരും. പദ്ധതിയിലേക്ക് കൂടുതല്‍ പേരെ ആകര്‍ഷിക്കുന്നതിന് മന്ത്രാലയം ബോധവല്‍ക്കരണവും സംഘടിപ്പിച്ച് വരുന്നുണ്ട്.