പട്ടാമ്പി കൂട്ടായ്മ മൂന്നാം വാർഷിക സാംസ്‌കാരിക സമ്മേളനവും മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു
|പട്ടാമ്പി കൂട്ടായ്മ ദമ്മാം മൂന്നാം വാർഷിക സാംസ്കാരിക സമ്മേളനം സംഘടിപ്പിച്ചു. 2024-2025 വർഷത്തേക്കുള്ള പുതിയ മെമ്പർഷിപ്പ് കാർഡ് വിതരണവും കൂട്ടായ്മയിലെ അംഗങ്ങൾക്കായി മെഡിക്കൽ ക്യാമ്പും നോർക്ക കാർഡിനായുള്ള ഹെല്പ് ഡെസ്കും കിഴക്കൻ പ്രവിശ്യയിലെ പ്രമുഖ ഗായകരെ അണിനിരത്തിയുള്ള സംഗീത വിരുന്ന് ഉൾപ്പടെ വിപുലമായ പരിപാടികളോടെയാണ് ഖത്തീഫ് ഗ്രീൻലാൻഡ് റിസോർട്ടിൽ വാർഷികം ആഘോഷിച്ചത്.
കുട്ടികളുടെ ഒപ്പനയും വനിതാ വിഭാഗത്തിന്റെ നേതൃത്വത്തിൽ നടന്ന കലാ പരിപാടികളും ആഘോഷങ്ങൾക്ക് മാറ്റ് കൂട്ടി. പരിപാടിയിൽ കൂട്ടായ്മയിലെ ഇരുന്നൂറിൽ അധികം അംഗങ്ങൾ പങ്കെടുത്തു.
സമ്മേളന ഉദ്ഘാടനം അഡ്വൈസറി ബോർഡ് മെമ്പർ സക്കീർ പറമ്പിൽ നിർവഹിച്ചു. സെക്രട്ടറി റസാഖ് പട്ടാമ്പി 2020-23 വർഷത്തെ പ്രവർത്തന റിപ്പോർട്ടും ട്രെഷറർ ഷബീർ കൊപ്പം സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു. പ്രസിഡന്റ് റിയാസ് പട്ടാമ്പി അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ നാഹി, റസാഖ് എന്നിവർ മുഖ്യ അവതാരകയിരുന്നു.
ജനറൽ ബോഡി യോഗത്തിൽ മുൻകാല കമ്മിറ്റിയെ 2024-2025 ലേക്കുള്ള കമ്മിറ്റിയായി തുടരാൻ തീരുമാനിച്ചു. വനിതാ വിഭാഗം പ്രസിഡണ്ടായി നാഹിദ് സബ്രിയെയും സെക്രട്ടറിയായി സൽമ ഷറഫുദീനെയും ട്രെഷററായി ആരിഫ ഷാഹിദിനെയും തെരെഞ്ഞെടുത്തു.
സജിത സുരേഷ്, അഷ്‌റഫ് കനിയറാട്ടിൽ, ഷാഹിദ് വിളയൂർ, സബ്രി റസാഖ് , സഫ്‌വാൻ വിളയൂർ, മുഹമ്മദ് കുട്ടി കാരക്കാട് , ഷെറിൻ സഫ്‌വാൻ , ശിഹാബ് ചെമ്പോട്ടുതൊടി, അൻവർ പതിയിൽ, ജംഷിദ് കൈപ്പുറം , നൗഷാദ് ഗ്രീൻപാർക്ക് , അഭിലാഷ് കൊപ്പം , സാലിഹ് ശങ്കരമംഗലം എന്നിവർ സംസാരിച്ചു.