സൗദിയില്‍ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ക്ക് സ്വകാര്യ പ്രാക്ടീസിന് അനുമതി
|രാജ്യത്തെ സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ ജോലി നിബന്ധനകളില്‍ മാറ്റം വരുത്തിയാണ് പുതിയ അനുമതി ലഭ്യമാക്കിയത്
സൗദിയില്‍ സര്‍ക്കാര്‍ മേഖലയില്‍ ജോലിയെടുക്കുന്ന ഡോക്ടര്‍മാര്‍ക്ക് സ്വകാര്യ ആശുപത്രികളില്‍ സേവനം ചെയ്യുന്നതിന് അനുമതി നല്‍കി. ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് അനുമതി നല്‍കിയത്.
രാജ്യത്തെ സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ ജോലി നിബന്ധനകളില്‍ മാറ്റം വരുത്തിയാണ് പുതിയ അനുമതി ലഭ്യമാക്കിയത്. ഇനിമുതല്‍ സര്‍ക്കാര്‍ മേഖലയില്‍ ജോലിയെടുക്കുന്ന ഡോക്ടര്‍മാര്‍ക്ക് സ്വകാര്യ ആശുപത്രികളില്‍ കൂടി സേവനം ചെയ്യുന്നതിന് അനുമതിയുണ്ടാകും. ഓദ്യോഗിക ജോലി കഴിഞ്ഞുള്ള ഒഴിവുസമയങ്ങളിലെ പ്രാക്ടീസിനാണ് അനുവാദം നല്‍കുക. ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രി സഭാ യോഗമാണ് ഭേദഗതി അംഗീകരിച്ച് അനുമതി ലഭ്യമാക്കിയത്. ഇതിനായി സമര്‍പ്പിച്ച കരട് നിര്‍ദ്ദേശങ്ങള്‍ മന്ത്രി സഭ അംഗീകരിക്കുകയായിരുന്നു.
പ്രവിശ്യകള്‍ കേന്ദ്രീകരിച്ച ടൂറിസം വികസന അതോറിറ്റികള്‍ രൂപീകരിക്കുന്നതിനും, കേസ് നടപടികള്‍ക്കുള്ള ചെലവുകള്‍ നിര്‍ണയിക്കുന്ന ജുഡിഷ്യല്‍ കോസ്റ്റ് ആക്ട് നടപ്പാക്കുന്നതിനുള്ള നിയമാവലിക്കും മന്ത്രിസഭ അംഗീകാരം നല്‍കി.