ബത്ഹയിലെ ചുവന്ന കൊട്ടാരം ആഡംബര ഹോട്ടലാക്കാനുള്ള പദ്ധതി തുടരുന്നു
|അടുത്ത വർഷം പകുതിയോടെ പദ്ധതി പൂർത്തിയാക്കും
റിയാദ്: ബത്ഹയിലെ ചുവന്ന കൊട്ടാരം ആഡംബര ഹോട്ടലാക്കാനുള്ള പദ്ധതി തുടരുന്നു. നാഷണൽ മ്യൂസിയത്തോട് ചേർന്നുള്ള കൊട്ടാരമാണ് 96 മുറികളുള്ള ഹോട്ടലാക്കി മാറ്റുന്നത്. അടുത്ത വർഷം പകുതിയോടെ പദ്ധതി പ്രവർത്തനം പൂർത്തിയാക്കും.
റിയാദിലെ പുരാതന കൊട്ടാരങ്ങളിലൊന്നാണ് റെഡ് പാലസ്. ഇതാണ് ഇനി മുതൽ ആഡംബര ഹോട്ടലായി മാറുന്നത്. പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ടിന്റെ നേതൃത്വത്തിലാണ് പദ്ധതി. ബ്യൂട്ടീക് ഗ്രൂപ്പിന്റെ മേൽനോട്ടത്തിലാണ് നിർമാണം പുരോഗമിക്കുന്നത്. റിയാദിൽ സിമന്റും ഇരുമ്പും ഉപയോഗിച്ചു നിർമിച്ച ആദ്യത്തെ കെട്ടിടങ്ങളിലൊന്നാണ് റെഡ് പാലസ്. 1942-ൽ അബ്ദുൽ അസീസ് രാജാവിന്റെ നേതൃത്തിലായിരുന്നു നിർമാണം. ഫൈസൽ രാജാവ് ഉപയോഗിച്ചിരുന്ന കൊട്ടാരം കൂടിയാണിത്. രാജ്യത്തിന്റെ സംസ്‌കാരവുമായി ബന്ധപ്പെട്ട് കിടക്കുന്ന കൊട്ടാരമാണ് ഇനി മുതൽ ആഡംബര ഹോട്ടലായി പരിണമിക്കുന്നത്.
96 ഹോട്ടൽ മുറികൾ, 45 ആഡംബര സ്യൂട്ടുകൾ, 25 വിശിഷ്ട അതിഥി മുറികൾ, രാജകീയ സ്യൂട്ട്, അഞ്ച് റസ്റ്റോറന്റുകൾ, ഏഴ് ഇവന്റ് ഹാളുകൾ, ആറ് സ്വകാര്യ സ്യൂട്ടുകൾ എന്നിവ ഉൾപെട്ടതാണ് പുതിയ പദ്ധതി.