സൗദിയിൽ വിഷജീവികൾ പുറത്തിറങ്ങാൻ സാധ്യത; സൂക്ഷിക്കണമെന്ന് വിദഗ്ധരുടെ മുന്നറിയിപ്പ്
|വിഷജീവികൾ കൂടുതലായി പുറത്തിറങ്ങുന്ന സമയമാണിത്
ജിദ്ദ: സൗദിയിൽ വിഷജീവികൾ പുറത്തിറങ്ങാൻ സാധ്യതയുണ്ടെന്നും സൂക്ഷിക്കണമെന്നും വിദഗ്ധരുടെ മുന്നറിയിപ്പ്. ശൈത്യകാലം അവസാനിക്കാനായതിനാൽ മരൂഭൂ പ്രദേശങ്ങളിൽ ക്യാമ്പ് ചെയ്യുന്നവർ പ്രത്യേകം സൂക്ഷിക്കണം. ലോകത്തിലെ തന്നെ ഏറ്റവും അപകടകാരികളായ തേളുകളും പാമ്പുകളും സൗദി മരുഭൂമികളിലുണ്ടെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
സൗദിയിൽ വിഷജീവികൾ കൂടുതലായി പുറത്തിറങ്ങുന്ന സമയമാണിത്. അതിനാൽ മരുഭൂമികളിലൂടെയും മറ്റും സഞ്ചരിക്കുന്നവർ അതീവ ജാഗ്രത പുലർത്തണം.
മദീന മേഖലയിലെ മരുഭൂ പ്രദേശങ്ങളിൽ ക്യാമ്പ് ചെയ്യുന്നവർ പ്രത്യേകം സൂക്ഷിക്കണമെന്നാണ് വിഷജീവി വിദഗ്ധരുടെ മുന്നറിയിപ്പ്. മദീന മേഖലയിൽ മാത്രം 17 ഇനം പാമ്പുകൾ ഉള്ളതായി പരിസ്ഥിതി വിഭാഗം പറയുന്നു. കൊടും വിഷമുള്ളവയാണ് അവയിൽ അഞ്ച് ഇനം സർപ്പങ്ങൾ.
ഭക്ഷണം തേടിയോ, പുതിയ പാർപ്പിടം തേടിയോ അല്ലെങ്കിൽ ഇണചേരാനുള്ള പങ്കാളിയെ തേടിയോ വിഷജീവികൾ കുടതലായി പുറത്തിറങ്ങുന്ന സമയമാണിത്. ലോകത്തിലെ തന്നെ ഏറ്റവും അപകടകാരികളായ മഞ്ഞ തേളുകൾ സൗദി മരുഭൂമികളിലും ധാരാളമായുണ്ട്.
തണുപ്പ് വിട്ട് ചൂടിലേക്ക് മാറുമ്പോൾ ഇവ പുറത്തിറങ്ങും. മണലിൽ ചേർന്ന് കിടക്കുന്ന മഞ്ഞ തേളുകളെ പെട്ടെന്ന് കണ്ടെത്തുക പ്രയാസമാണ്. അതിനാൽ രാത്രി ജോലി ആവശ്യാർഥമോ മറ്റോ പുറത്തിറങ്ങുന്നവർ കയ്യിൽ വെളിച്ചം കരുതണം. ക്യാമ്പിനായോ മറ്റോ മരുഭൂമിയിലേക്ക് പോകുന്നവർ കാലിന്റെ മുട്ടോളം മൂടുന്ന സുരക്ഷ ഷൂസ് ധരിക്കണം.
കൂടാതെ ഒരു വടി ഉപയോഗിച്ച് നിലത്ത് തട്ടി കൊണ്ട് നടക്കുന്നത് മനുഷ്യ സാന്നിധ്യം തിരിച്ചറിയാൻ പാമ്പുകളെ സഹായിക്കും. അത് കാരണം അവ ഒഴിഞ്ഞ് പോകുമെന്നും വിദഗ്ധർ പറയുന്നു.
കഴിഞ്ഞ വർഷം മാത്രം 4200ഓളം ആളുകൾക്കാണ് സൗദിയിൽ പാമ്പിന്റെയും തേളിന്റെയും കടിയേറ്റത്. അതിൽ 3900 പേരും തേള് കടിയേറ്റ് ചികിത്സ തേടിയതായാണ് റിപ്പോർട്ടുകൾ.