സൗദിയിൽ മഴക്കെടുതി നേരിടാനുള്ള മുന്നൊരുക്കങ്ങൾ പൂർത്തിയായി
|ആയിരക്കണക്കിന് തൊഴിലാളികളെ നിയോഗിച്ചു
കനത്ത മഴ സാധ്യത മുന്നിൽ കണ്ട് മക്കയിലും മദീനയിലും മുന്നൊരുക്കങ്ങൾ പൂർത്തിയാക്കി. റമദാൻ അവസാന പത്തിലേക്ക് കടന്നതോടെ വൻ തിരക്ക് പ്രതീക്ഷിക്കുന്ന സാഹചര്യത്തിലാണ് മുന്നൊരുക്കം. സൗദിയുടെ വിവിധ ഭാഗങ്ങളിൽ വരുന്ന പത്ത് ദിനങ്ങളിലും പൊടിക്കാറ്റ്, മഴ എന്നിവയുൾപ്പെടെ കാലാവസ്ഥാ മാറ്റത്തിന് സാധ്യതയുണ്ട്.
മക്കയിലും മദീനയിലും വരും ദിവസങ്ങളിൽ മഴയ്ക്ക് സാധ്യതയുള്ളതായി സൗദി ദേശീയ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇത് ഇവിടങ്ങളിൽ തീർഥാടനത്തിനെത്തുന്ന വിശ്വാസികൾക്ക് പ്രയാസം സൃഷ്ടിക്കാതിരിക്കാനാണ് മുൻകരുതൽ നപടികൾ സ്വീകരിച്ചത്.
റമദാൻ അവസാന പത്തിലേക്ക് കടന്നതോടെ മസ്ജിദുൽ ഹറമിലും പ്രവാചക പള്ളിയിലും തിരക്ക് ഉയരും. ഈ സാഹചര്യത്തിൽ തീർഥാടകരുടെ സുരക്ഷയും സൗകര്യങ്ങളും ഉറപ്പ് വരുത്തുന്നതിന്റെ ഭാഗമാണ് നടപടി.
മഴയുണ്ടായാൽ അടിയന്തിരമായി നേരിടാനുള്ള പദ്ധതികൾ നടപ്പാക്കിട്ടുണ്ട്. നാലായിരത്തിലധികം ജീവനക്കാരെയും ഇരുന്നൂറിലധികം സൂപ്പർവൈസർമാരെയും ഇതിനായി പ്രത്യേകം നിയമിച്ചു. ഇതിനുപുറമേ മഴവെള്ളം നീക്കുന്നതിനും ശുചീകരിക്കുന്നതിനുമായി നിരവധി യന്ത്ര സംവിധാനങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.