ദമ്മാമിൽ സ്‌കൂൾ വിദ്യാർഥിയെ ബസിലുപേക്ഷിച്ച് സ്വകാര്യ ബസ് ഡ്രൈവർ
|വിദ്യാർഥിയെ രക്ഷിതാക്കളും അധ്യപകരും ചേർന്ന് രക്ഷപ്പെടുത്തി
ദമ്മാം: സ്‌കൂൾ വിദ്യാർഥിയെ ബസിലുപേക്ഷിച്ച് സ്വകാര്യ ബസ് ഡ്രൈവർ. സൗദി അറേബ്യയിലെ ദമ്മാം ഇന്ത്യൻ സ്‌കൂളിലാണ് ഡ്രൈവറുടെ അനാസ്ഥയിൽ വീണ്ടും കെ.ജി വിദ്യാർഥി ബസിലകപ്പെട്ടത്. അധ്യാപകരുടെയും രക്ഷിതാക്കളുടെയും സമയോജിത ഇടപെടലിൽ വലിയ അപകടം ഒഴിവായി. ഇന്ത്യൻ സ്‌കൂൾ ബോയ്സ് വിഭാഗം സ്‌കൂളിനടുത്ത് നിർത്തിയിട്ട ബസിലാണ് വിദ്യാർഥിയെ അകപ്പെട്ട നിലയിൽ കണ്ടെത്തിയത്.
സ്‌കൂൾ വിദ്യാർഥികളെ കൊണ്ടുപോകുന്ന സ്വകാര്യ ബസ് ഡ്രൈവർമാരുടെ അനാസ്ഥ തുടർക്കഥയായി മാറുന്നതായാണ് പുതിയ സംഭവം സൂചിപ്പിക്കുന്നത്. മുഴുവൻ വിദ്യാർഥികളും ബസിൽ നിന്നിറങ്ങി എന്നുറപ്പ് വരുത്താതെ ഡ്രൈവർ വാഹനം ലോക്ക് ചെയ്ത് പോയതാണ് വലിയ ദുരന്തത്തിലേക്ക് നയിക്കാവുന്ന ദമ്മാമിലെ സംഭവത്തിന് ഇടയാക്കിയത്. ബസിന് സമീപത്ത് കൂടി പോകുകയായിരുന്ന അധ്യാപികയാണ് കുട്ടി ബസിലകപ്പെട്ട നിലയിൽ കണ്ടെത്തിയത്.
സമാന സംഭവങ്ങൾ അടിക്കടി ആവർത്തിക്കുന്ന പശ്ചാത്തലത്തിൽ അപകടങ്ങളൊഴിവാക്കാൻ സ്‌കൂളിന്റെ ഔദ്യോഗിക ഗതാഗത സംവിധാനം ഉപയോഗപ്പെടുത്താൻ രക്ഷിതാക്കൾ തയ്യാറാകണമെന്ന് സ്‌കൂൾ പ്രിൻസിപ്പൽ സർക്കുലർ മുഖേന അറിയിച്ചു. ഏതാനും വർഷങ്ങൾക്ക് മുമ്പ് സമാന സംഭവത്തിൽ ഇന്ത്യൻ സ്‌കൂൾ വിദ്യാർഥിനി മരണപ്പെട്ടിരുന്നു. അപകടം സംഭവിക്കുമ്പോൾ മാത്രം ജാഗ്രത പാലിക്കുന്നതിന് പകരം സ്‌കൂളിലേക്ക് സർവീസ് നടത്തുന്ന സ്വകാര്യ വാഹനങ്ങളുടെ ഗുണനിലവാരവും ഡ്രൈവർമാർക്കാവശ്യമായ സുരക്ഷാ നിർദ്ദേശങ്ങളും ഉറപ്പ് വരുത്തുവാൻ സ്ഥിരം സംവിധാനമൊരുക്കണമെന്ന ആവശ്യവും ശക്തമാണ്.