സൗദി ഇനി പച്ച പുതക്കും: നൂറ്റിമുപ്പത് കോടി കണ്ടൽ തൈകൾ നടുന്ന പദ്ധതിക്ക് തുടക്കം
|ജീസാൻ, മക്ക, മദീന, തബൂക്ക്, അസീർ, ശർഖിയ, എന്നീ പ്രദേശങ്ങളിലായിരിക്കും ആദ്യ ഘട്ടത്തിൽ പദ്ധതി നടപ്പാക്കുക
റിയാദ്: സൗദിയെ പച്ച പുതപ്പിക്കാൻ കണ്ടൽക്കാട് നടുന്ന പദ്ധതിക്ക് തുടക്കമായി. സൗദിയുടെ വിവിധ പ്രവിശ്യകളിലാണ് പദ്ധതിക്ക് തുടക്കമായത്. നൂറ്റി മുപ്പത് കോടി കണ്ടൽ തൈകളാണ് നടുക. ജീസാൻ, മക്ക, മദീന, തബൂക്ക്, അസീർ, ശർഖിയ, എന്നീ പ്രദേശങ്ങളിലായിരിക്കും പ്രാരംഭ ഘട്ടത്തിൽ പദ്ധതി നടപ്പാക്കുക. 55 ലക്ഷം തൈകൾ ജീസാനിലും, 24 ലക്ഷം തൈകൾ മക്കയിലും, 20 ലക്ഷം തൈകൾ മദീനയിലും, തബൂക്, അസീർ മേഖലകളിൽ ഒരു ലക്ഷം തൈകളുമാകും നട്ടുപിടിപ്പിക്കുക. വരും വർഷങ്ങളിൽ ചെങ്കടൽ തീരങ്ങൾ കേന്ദ്രീകരിച്ച് 1000 ലക്ഷം തൈകൾ നടാനും പദ്ധതിയുണ്ട്. പദ്ധതികൾ നടപ്പിലാവുന്നതോടെ മരുഭൂ പ്രദേശങ്ങളെല്ലാം പച്ച പുതയ്ച്ച് കാണാം.
തീരദേശ പരിസ്ഥിതിയെ ഹരിത വത്കരിക്കുന്നതിന്റെയും, മരുഭൂകരണം കുറയ്ക്കുന്നതിന്റെയും ഭാഗമായാണ് പദ്ധതി ആവിഷ്കരിക്കുന്നത്. കഴിഞ്ഞ വർഷം രാജ്യത്ത് ഏഴു ലക്ഷം കണ്ടൽ തൈകൾ നട്ടിരുന്നു. കണ്ടൽ വനങ്ങളുടെ സമൃദ്ധമായ വളർച്ച പരിസ്ഥിതിക്ക് ഗുണം ചെയ്യുമെന്നും, രാജ്യത്ത് ചൂട് കുറയ്ക്കുമെന്നു അധികൃതർ സൂചിപ്പിച്ചു. കേന്ദ്രം പരിസ്ഥിതി സംരക്ഷണത്തിനായി നിരവധി പദ്ധതികളാണ് നടപ്പിലാക്കുന്നത്. സൗദി ഹരിത സംരംഭത്തെ വിജയത്തിലെത്തിക്കുന്നതിന്റെ ഭാഗമായിക്കൂടിയാണ് കണ്ടൽ പദ്ധതി.