Saudi Arabia
OICC Dammam
Saudi Arabia

പൊതുപ്രവർത്തകരും ഭരണാധികാരികളും ഉമ്മൻ ചാണ്ടിയെ മാതൃകയാക്കുക: ദമ്മാം ഒഐസിസി

Web Desk
|
23 July 2023 6:38 AM GMT

ദമ്മാം: സ്നേഹവും കരുണയും സഹാനുഭൂതിയും അത്മാർത്ഥതയും കൊണ്ട് ജനഹൃദയങ്ങൾ കീഴടക്കിയ യഥാർത്ഥ ജനനായകനായിരുന്നു ഉമ്മൻ ചാണ്ടിയെന്ന് രാഷ്ട്രീയ എതിരാളികളെക്കൊണ്ട് വരെ പറയിപ്പിച്ച ഉമ്മൻ ചാണ്ടിയുടെ രാഷ്ട്രീയ ജീവിതം മാതൃകയാക്കുവാൻ എല്ലാ പൊതുപ്രവർത്തകരും ശ്രമിക്കണമെന്ന് ഒഐസിസി ദമ്മാം റീജ്യണൽ കമ്മിറ്റി സംഘടിപ്പിച്ച അനുശോചന യോഗം അഭിപ്രായപ്പെട്ടു.

തനിക്ക് മുന്നിൽ വരുന്ന പ്രശ്നങ്ങളെ സാകൂതം കേൾക്കുവാനുള്ള മനസ്സും, അതിന് പരിഹാരം കണ്ടെത്തിക്കൊടുക്കുവാനുള്ള ഉമ്മൻ ചാണ്ടിയുടെ നേതൃവൈഭവവുമാണ് ഉമ്മൻ ചാണ്ടിയെന്ന ഭരണാധികാരിയെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തനാക്കിയതെന്ന് അനുശോചനയോഗം വിലയിരുത്തി.

കേരള വികസനത്തിനായ് അതിവേഗം ബഹുദൂരം ഭരണയന്ത്രം ചലിപ്പിച്ചതിനും, സാധാരണക്കാരായ ജനങ്ങളുടെ വിഷയങ്ങളിൽ അദ്ദേഹത്തിൻറെ നേരിട്ടുള്ള ഇടപെടലിനും കേരളം നൽകിയ പ്രതിഫലമായിരുന്നു ഏവരെയും അമ്പരപ്പിച്ച അന്ത്യയാത്രയെന്നും ഉമ്മൻ ചാണ്ടിയെ അനുസ്മരിച്ചവർ അഭിപ്രായപ്പെട്ടു.

ഉറക്കവും വിശ്രമവുമില്ലാതെ ഉമ്മൻ ചാണ്ടി ജനങ്ങൾക്കുവേണ്ടി പ്രവർത്തിച്ചപ്പോൾ, ആദ്ദേഹത്തിൻറെ ഭൗതീക ശരീരം കടന്നുപോയ വഴികളിൽ പ്രിയ നേതാവിനെ അവസാനമായി ഒരു നോക്ക് കാണുവാൻ ദീർഘമായ മണിക്കൂറുകൾ ഉറക്കമിളച്ച് ലക്ഷക്കണക്കിനാളുകൾ കാത്തിരുന്നത് ഐക്യരാഷ്ട്രസഭ അദ്ദേഹത്തിന് നൽകിയ അവാർഡിനെക്കാളും വലിയ അംഗീകാരമായിരുന്നു. കേരള ചരിത്രത്തിൽ ഒരു നേതാവിനും ലഭിക്കാത്ത അവിസ്മരണീയമായ യാത്രയയപ്പിനാണ് കേരളം സാക്ഷ്യം വഹിച്ചത്.

അഹങ്കാരവും പ്രൗഢിയുമല്ല, സ്നേഹവും കരുതലുമാണ് ഏതൊരു ഭരണാധികാരിയെയും ശക്തനും ജനകീയനുമാക്കുന്നതെന്നാണ് ഉമ്മൻ ചാണ്ടിയുടെ ജീവിതം നമുക്ക് നൽകിയ പാഠം. തനിക്കെതിരെ വന്ന ആരോപണങ്ങളെയെല്ലാം പുഞ്ചിരിയോടെ നേരിട്ട്, അത് നിയമത്തിൻറെ വഴിക്ക് വിട്ടുകൊടുക്കുകയും, തനിക്കെതിരെ എതിരാളികൾ പടച്ചുവിട്ട ആരോപണങ്ങളിൽ ഉമ്മൻ ചാണ്ടി നിരപരാധിയാണെന്ന് കോടതികൾ കണ്ടെത്തുകയും ചെയ്തത് കേരളം കണ്ടതാണ്. ഉമ്മൻ ചാണ്ടിയുടെ ജനകീയത തകർക്കുവാൻ എതിരാളികൾ പടച്ചുവിട്ട കഥകളിൽ അഗ്നിശുദ്ധി വരുത്തി പരിശുദ്ധനായിട്ടാണ് അദ്ദേഹം ലോകത്തോട് വിടപറഞ്ഞതെന്നും അനുസ്മരണ പ്രഭാഷകർ ചൂണ്ടിക്കാട്ടി.

ഒഐസിസി സൗദി നാഷണൽ കമ്മിറ്റി പ്രസിഡണ്ട് ബിജു കല്ലുമല അദ്ധ്യക്ഷത വഹിച്ച അനുശോചന യോഗത്തിൽ കിഴക്കൻ പ്രവിശ്യയിലെ വിവിധ സാമൂഹിക സാംസ്ക്കാരിക സംഘടനാ പ്രതിനിധികളും നേതാക്കളും ഉമ്മൻ ചാണ്ടിയെ അനുസ്മരിച്ചു.




സി അബ്ദുൽ ഹമീദ്, സിദ്ധീഖ് പാണ്ടികശാല, റഹീം മടത്തറ, ഷാജി മതിലകം, സാജിദ് ആറാട്ടുപുഴ, ആലിക്കുട്ടി ഒളവട്ടൂർ, മുഹമ്മദ് നജാത്തി, മുഹ്‌സിൻ, ഹനീഫ് റാവുത്തർ, ചന്ദ്രമോഹൻ, പി കെ അബ്ദുൽ ഖരീം, ഷംസു കൊല്ലം, ഷിജിലാ ഹമീദ്, ലീന ഉണ്ണികൃഷ്‌ണൻ, ഹമീദ് വടകര എന്നിവർ ഉമ്മൻ ചാണ്ടിയെ അനുസ്മരിച്ചു.

അമീറലി കൊയിലാണ്ടി, ആൽബിൻ ജോസഫ്, ഹബീബ് ഏലംകുളം, നൗഷാദ് ഇരിക്കൂർ, റഹ്‌മാൻ കാരയാട് എന്നിവർ സംബന്ധിച്ചു. റീജ്യണൽ കമ്മിറ്റി ജനറൽ സെക്രട്ടറി ഇകെ സലിം സ്വാഗതവും ട്രഷറർ റഫീഖ് കൂട്ടിലങ്ങാടി നന്ദിയും പറഞ്ഞു.

Similar Posts