ജീവന് അപകടമുണ്ടാക്കുന്ന ഉത്പന്നങ്ങൾ വിറ്റാൽ സൗദിയിൽ കടുത്ത ശിക്ഷ
|നിലവിലുള്ള സുരക്ഷാ നിയമങ്ങളിൽ മാറ്റം വരുത്തി
റിയാദ്: സൗദിയിലെ വ്യാപാര സ്ഥാപനങ്ങളിൽ ജീവന് അപകടമുണ്ടാക്കുന്ന ഭക്ഷ്യവസ്തുക്കളും ഉപകരണങ്ങളും വിറ്റാൽ ഇനി കടുത്ത ശിക്ഷ. ഇതിനായി നിലവിലുള്ള സുരക്ഷാ നിയമങ്ങളിൽ സൗദി മന്ത്രിസഭ മാറ്റം വരുത്തി. ഗുണനിലവാരം പരിശോധിക്കുന്ന അതോറിറ്റിയുടേയും ഭരണകൂടത്തിന്റേയും പ്രതിനിധികൾ സഹകരിച്ച് വിപണിയിൽ ഇതിനായി പരിശോധന നടത്തും.
ഉൽപ്പന്നങ്ങളുടെ സുരക്ഷ, ഗുണനിലവാരം എന്നിവയുമായി ബന്ധപ്പെട്ട നിയമങ്ങളിലാണ് ഭേദഗതി. സൗദി മന്ത്രിസഭ കഴിഞ്ഞ ദിവസം ഭേദഗതി അംഗീകരിച്ചിരുന്നു. സൗദി സ്റ്റാൻഡേർഡ്സ്, മെട്രോളജി ആൻഡ് ക്വാളിറ്റി ഓർഗനൈസേഷൻ, പ്രൊഡക്റ്റ് സേഫ്റ്റി ആൻഡ് മോണിറ്ററിംഗ് കമ്മിറ്റി എന്നിവയുടെ നേതൃത്വത്തിൽ ഇതിനായി കമ്മിറ്റി രൂപികരിക്കും. ഗവൺമെൻറ് ഏജൻസികളിൽ നിന്നുള്ള പ്രതിനിധികളടങ്ങുന്നതായിരിക്കും പുതിയ കമ്മിറ്റി. ഈ കമ്മിറ്റിയുടെ നേതൃത്വത്തിലായിരിക്കും നിയമലംഘനങ്ങൾ പരിശോധിക്കുക. ഉൽപ്പന്ന സുരക്ഷ, വിപണി നിരീക്ഷണം എന്നിവക്കായി ഗവൺമെൻറ് ഏജൻസികളും സ്വകാര്യ മേഖലയും തമ്മിൽ ഒരുമിച്ച് പ്രവർത്തിക്കാനുള്ള പദ്ധതികളും തയ്യാറാക്കും. ഉൽപ്പന്ന സുരക്ഷാ നയങ്ങളുടെ വിപുലീകരണം, നിയന്ത്രണങ്ങൾ, മാനദണ്ഡങ്ങൾ, മാർഗ്ഗനിർദ്ദേശങ്ങൾ എന്നിവ മെച്ചപ്പെടുത്താനും ഇതിലൂടെ സാധിക്കും.