സൗദിയിൽ അതിവേഗ ചാർജിങ്ങ് കേന്ദ്രങ്ങൾ വ്യാപിപ്പിക്കും; ലൂസിഡുമായി ഇ.വി.ഐ.ക്യു കരാറിലെത്തി
|പദ്ധതി നടപ്പിലാകുന്നതോടെ രാജ്യത്ത് ഇലക്ട്രിക് വാഹന വിപണിയിൽ വൻ കുതിപ്പുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്
റിയാദ്: സൗദിയിൽ ഇലക്ട്രിക് വാഹനങ്ങളുടെ അതിവേഗ ചാർജിംഗ് കേന്ദ്രങ്ങൾ വ്യാപിപ്പിക്കുന്നു. ഇതിനായി ഇലക്ട്രിക് വാഹന നിർമ്മാതാക്കളായ ലൂസിഡുമായി ഇലക്ട്രിക് വെഹിക്കിൾ ഇൻഫ്രാസ്ട്രക്ചർ കമ്പനി ധാരണയിലെത്തി. പദ്ധതി നടപ്പിലാകുന്നതോടെ രാജ്യത്ത് ഇലക്ട്രിക് വാഹന വിപണിയിൽ വൻ കുതിപ്പുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ലൂസിഡ് ഉപഭോക്താക്കൾക്ക് ഇതിലൂടെ ഇ.വി.ഐ.ക്യു കമ്പനിയുടെ അതിവേഗ ചാർജിങ് സ്റ്റേഷനുകൾ ഉപയോഗപ്പെടുത്താൻ കഴിയും. ലൂസിഡിന്റെ പ്രധിനിധി ഫൈസൽ സുൽത്താനാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ലൂസിഡിന്റെ ഇലക്ട്രിക് വാഹനരൂപകൽപ്പന, നിർമ്മാണം എന്നിവയിലുള്ള വൈദഗ്ധ്യവും ഇ.വി.ഐ.ക്യു കമ്പനിയുടെ ചാർജിങ് നെറ്റ് വർക്കും കൂടി ഒരുമിക്കുന്നതോടെ ഇലക്ട്രിക് വാഹന മേഖലയിൽ രാജ്യത്ത് വൻ നവീകരണമാണ് പ്രതീക്ഷിക്കുന്നത്.
ലൂസിഡിന്റെ എയർ മോഡൽ വാഹനമാണ് ഇന്ന് വിപണിയിൽ ഏറ്റവും വേഗത്തിൽ ചാർജ് ചെയ്യാൻ കഴിയുന്ന വാഹനങ്ങളിൽ ഒന്നായി കണക്കാക്കുന്നത്. ൗദിയിൽ ആദ്യമായി കാർ നിർമാണ കേന്ദ്രം ആരംഭിച്ചതിന്റെ റെക്കോർഡ് കരസ്ഥമാക്കിയ സ്ഥാപനമാണ് ലൂസിഡ്.