എ.ഐ രംഗത്തെ അതിവേഗ വളർച്ചയിൽ കരുതലും പുനരാലോചനകളും ആവശ്യം: ഗെയിൻ ഉച്ചകോടി
|എ.ഐ രംഗത്ത് നൈതികത ഉറപ്പാക്കാൻ യുനസ്‌കോയുമായി ചേർന്ന് പ്രത്യേക കേന്ദ്രവും സൗദി അറേബ്യ പ്രഖ്യാപിച്ചു
റിയാദ്: എ.ഐ രംഗത്തെ അതിവേഗത്തിലുള്ള വളർച്ചയിൽ കരുതലും പുനരാലോചനകളും ആവശ്യമാണെന്ന് സൗദിയിലെ റിയാദിൽ തുടരുന്ന ഗെയിൻ ഉച്ചകോടി. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് രംഗത്ത് നൈതികത അത്യാവശ്യമാണെന്നും അല്ലെങ്കിൽ ദുരുപയോഗം വർധിക്കുമെന്നും പങ്കെടുത്തവർ പറഞ്ഞു. എ.ഐ രംഗത്ത് നൈതികത ഉറപ്പാക്കാൻ യുനസ്‌കോയുമായി ചേർന്ന് പ്രത്യേക കേന്ദ്രവും സൗദി അറേബ്യ പ്രഖ്യാപിച്ചു.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഗ്ലോബൽ സമ്മിറ്റിന്റെ രണ്ടാം ദിനത്തിലാണ് റിയാദ്. നിർമിത ബുദ്ധി വരുത്തുന്ന നേട്ടങ്ങൾ മനുഷ്യരുടെ നേട്ടങ്ങൾക്കായി ഉപയോഗിക്കാൻ കഴിയുന്നതിന്റെ സാധ്യതകളാണ് ഉച്ചകോടിയുടെ രണ്ടാം ദിനം ചർച്ച ചെയ്തത്. ഒരേ സമയം ആറ് സെഷനുകളായാണ് ഉച്ചകോടി പുരോഗമിക്കുന്നത്. എ.ഐ സാങ്കേതിക വിദ്യകൾ നടപ്പാക്കുമ്പോൾ കരുതൽ വേണമെന്ന് ജിദ്ദ കൗസ്റ്റ് യൂണിവേഴ്‌സിറ്റി പ്രസിഡണ്ട് എഡ്വാഡ് ബയേൺ പറഞ്ഞു. വൻ നേട്ടങ്ങൾക്കൊപ്പം ഗുരുതര പ്രത്യഘാതങ്ങൾക്കും സാധ്യതയുള്ളതാണ് എ.ഐയുടെ ഉപയോഗം. ഇത് നടപ്പാക്കുന്നതിൽ നൈതികത പുലർത്താൻ എല്ലാവർക്കും ബാധ്യതയുണ്ട്. വിദ്യാഭ്യാസം, ആരോഗ്യം, ഭരണം തുടങ്ങി വിവിധ തലങ്ങളിൽ ഇവയുടെ ഓട്ടോമേഷൻ നിർണായകമാണ്. ഇതിൽ മേൽനോട്ടമുണ്ടാകണെന്ന് വിവിധ സെഷനുകളിൽ പങ്കാളികളായവർ ചൂണ്ടിക്കാട്ടി.
സൗദിയിലെ ഭരണ, വിദ്യാഭ്യാസ, ആരോഗ്യ, വ്യവസായ മേഖലകളിൽയ എ.ഐ ഗുണപരമായ നേട്ടങ്ങൾ സൃഷ്ടിച്ചതായി വിവിധ സെഷനുകളിൽ പങ്കെടുത്ത മന്ത്രിമാരും ചൂണ്ടിക്കാട്ടി. എ.ഐ ഉപയോഗത്തിലെ നൈതികത ഉറപ്പാക്കാൻ യുനസ്‌കോയുമായി സഹകരിച്ച് സൗദി സ്ഥാപിച്ച റിയാദിലെ ഐകെയർ എന്ന ഓഫീസിന്റെ പ്രഖ്യാപനവും ഉച്ചകോടിയിലുണ്ടായിരുന്നു. നൂറ്റിയമ്പതോളം സെഷനുകളിലായി നാനനൂറിലേറെ പേരാണ് പരിപാടിലെ പ്രഭാഷകർ. സമ്മിറ്റിന് നാളെ സമാപനമാകും.