സൗദിയിലെ വിദേശ നിക്ഷേപത്തിൽ റെക്കോർഡ് വർധനവ്; വിദേശ നിക്ഷേപ മൂലധനം 347.01 ബില്യണിലെത്തി
|വിദേശ നിക്ഷേപകരുടെ മൂല്യം മുന്നൂറ് ശതമാനം ഉയർന്നതായി സൗദി കാപിറ്റൽ മാർക്കറ്റ് അതോറിറ്റി അറിയിച്ചു
ദമ്മാം: സൗദിയിൽ നേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ വീണ്ടും റെക്കോർഡ് വർധനവ്. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ മൂലധന വിപണിയിലെ വിദേശ നിക്ഷേപകരുടെ മൂല്യം മുന്നൂറ് ശതമാനം ഉയർന്നതായി സൗദി കാപിറ്റൽ മാർക്കറ്റ് അതോറിറ്റി അറിയിച്ചു.
സൗദിയിൽ നിക്ഷേപം നടത്തുന്ന വിദേശ നിക്ഷേപകരുടെയും കമ്പനികളുടെയും എണ്ണത്തിൽ റെക്കോർഡ് വർധനവ്. രാജ്യത്തേക്കെത്തുന്ന വിദേശ നിക്ഷേപ മൂലധനം മുന്നൂറ് ശതമാനം തോതിൽ വർധിച്ചതായി സൗദി കാപിറ്റൽ മാർക്കറ്റ് അതോറിറ്റി പുറത്ത് വിട്ട കണക്കുകൾ സൂചിപ്പിക്കുന്നു. ഇതോടെ രാജ്യത്തെ വിദേശ നിക്ഷേപ മൂല്യം 347.01 ബില്യൺ റിയാലിലെത്തി.
2018ൽ ഇത് 86.86 ബില്യൺ റിയാലായിരുന്നിടത്താണ് വലിയ വളർച്ച രേഖപ്പെടുത്തിയത്. വിദേശ നിക്ഷേപത്തിലെ ഗണ്യമായ വളർച്ച സാമ്പത്തിക വിപണിയുടെ ശക്തമായ വിപുലീകരണത്തെയും, സൗദി സാമ്പത്തിക വിപണിയിൽ അന്താരാഷ്ട്ര സമൂഹത്തിനുള്ള വർധിച്ച വിശ്വാസത്തെയും സൂചിപ്പിക്കുന്നതായി ഈ രംഗത്തുള്ളവർ അഭിപ്രായപ്പെട്ടു. ആഗോള കുത്തക കമ്പനികളുടെ റീജ്യണൽ ഓഫീസുകൾ രാജ്യത്തേക്ക് മാറി തുടങ്ങിയതും നിക്ഷേപ അവസരങ്ങൾ വർധിപ്പിച്ചതും നടപടികൾ ലഘൂകരിച്ചതും വിദേശ നിക്ഷേപത്തിന് ആക്കം കൂട്ടിയിട്ടുണ്ട്.