സമുദ്ര ആവാസവ്യവസ്ഥയെ സംരക്ഷിക്കാൻ ചെങ്കടലില്‍ കടല്‍പ്പായല്‍ കൃഷിയിറക്കി സൗദി
|വംശനാശഭീഷണി നേരിടുന്ന ചെറു കടല്‍ജീവികളുടെ സംരക്ഷണവും കടല്‍ വെള്ളത്തിന്റെ ശുദ്ധീകരണവും ഇത് വഴി ലക്ഷ്യമിടുന്നു
ദമ്മാം: സൗദിയിലെ റെഡ് സീ ഇന്റര്‍നാഷണല്‍ കമ്പനി ചെങ്കടലില്‍ കടല്‍പ്പായല്‍ കൃഷിയിറക്കുന്നതിനുള്ള പദ്ധതിക്ക് തുടക്കമിട്ടു. സമുദ്ര ആവാസവ്യവസ്ഥയെ സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് നടപടി. വംശനാശഭീഷണി നേരിടുന്ന ചെറു കടല്‍ജീവികളുടെ സംരക്ഷണവും കടല്‍ വെള്ളത്തിന്റെ ശുദ്ധീകരണവും ഇത് വഴി ലക്ഷ്യമിടുന്നു.
ചെങ്കടല്‍, അമല ഭാഗങ്ങളിലാണ് പുതിയ പദ്ധതിക്ക് തുടക്കം കുറിച്ചത്. റെഡ് സീ ഇന്റര്‍നാഷണല്‍ കമ്പനിക്ക് കീഴിലാണ് പദ്ധതി. കടല്‍പ്പായല്‍ കൃഷിയിറക്കുന്നതിനുള്ള ആദ്യപദ്ധതിക്ക് ഇതോടെ രാജ്യത്ത് തുടക്കമായി.
സമുദ്ര ആവാസവ്യവസ്ഥയെ സംരക്ഷിക്കുന്നതിന്റെ ഭാഗമാണ് പുതിയ നീക്കം. കടല്‍പ്പായലുകള്‍ പുല്‍മേടുകള്‍ എന്നിവ സംരക്ഷിക്കാന്‍ പദ്ധതി വഴി ലക്ഷ്യമിടുന്നു. അല്‍വാജ് തടകത്തിലെ അഞ്ച് തരം കടല്‍പ്പായലുകളും അമല പ്രദേശത്തുള്ള എട്ട് തരം കടല്‍പ്പായലുകളെയും പദ്ധതി വഴി സംരക്ഷണ പട്ടികയില്‍ ഉള്‍പ്പെടുത്തും.
ഇവ സംരക്ഷിക്കുന്നത് വഴി ചെങ്കടലിലെ വൈവിധ്യമേറിയ സമുദ്ര ആവാസവ്യവസ്ഥയെ സംരക്ഷിക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനും ലക്ഷ്യമിടുന്നു ഒപ്പം വംശനാശഭീഷണി നേരിടുന്ന ചെറുകടല്‍ ജീവികള്‍ക്ക് ആവാസ വ്യവസ്ഥയൊരുക്കുവാനും കടല്‍വെള്ളത്തെ പ്രകൃതിദത്തമായ രീതിയില്‍ ശുദ്ധീകരിക്കുവാനും സഹായിക്കുമെന്ന് വിദഗ്ദര്‍ അഭിപ്രായപ്പെട്ടു. റെഡ് സീ കമ്പനിക്ക് പുറമേ പരിസ്ഥിതി സുസ്ഥിരത വകുപ്പിലെ ജീവനക്കാരും പദ്ധതിയുടെ ഭാഗമാകും.