സൗദി ആരോഗ്യ ഇൻഷുറൻസിൽ പരിഷ്കരണം; 18ഓളം പുതിയ സേവനങ്ങൾ ഉൾപ്പെടുത്തി
|18 പുതിയ ആനുകൂല്യങ്ങൾ ഉൾപ്പെടുത്തിയും, നിലവിലുള്ള 10 ആനൂകൂല്യങ്ങൾ മെച്ചപ്പെടുത്തിയുമാണ് പുതിയ പോളിസി തയ്യാറാക്കിയിട്ടുള്ളത്
ജിദ്ദ: സൗദിയിൽ പരിഷ്കരിച്ച ആരോഗ്യ ഇൻഷുറൻസ് പോളിസി പ്രാബല്യത്തിലായി. 18 പുതിയ ആനുകൂല്യങ്ങൾ ഉൾപ്പെടുത്തിയും, നിലവിലുള്ള 10 ആനൂകൂല്യങ്ങൾ മെച്ചപ്പെടുത്തിയുമാണ് പുതിയ പോളിസി തയ്യാറാക്കിയിട്ടുള്ളത്.
ഒക്ടോബർ 1 മുതൽ പുതുക്കുന്നതോ പുതിയതായി അനുവദിക്കുന്നതോ ആയ പോളിസികൾക്കാണ് പുതിയ ആനുകൂല്യങ്ങൾ ലഭ്യമാകുക. പുതിയ മാറ്റമനുസരിച്ച് മാനസികരോഗങ്ങൾക്കുള്ള പരമാവധി ചികിത്സാ പരിരക്ഷ 15,000 റിയാലിൽനിന്ന് 50,000 റിയാലായി ഉയർത്തി. ഹീമോഡയാലിസിസ് കവറേജിന്റെ മൂല്യവും ഉയർത്തിയിട്ടുണ്ട്. കൗൺസിൽ അംഗീകാരമുള്ള പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ ജനറൽ ഫിസിഷ്യനെ കാണാൻ ഫീസ് വിഹിതം വഹിക്കണമെന്ന വ്യവസ്ഥ പരിഷ്കരിച്ച ഭേദഗതിയിൽ റദ്ദാക്കിയിട്ടുണ്ട്.
ദന്തരോഗ പ്രതിരോധ ചികിത്സ, ദന്തപ്രശ്‌നങ്ങൾ നിർണയിക്കുന്നതിനുള്ള പ്രതിവർഷ പരിശോധന, വർഷത്തിൽ ഒരു തവണ ഡെൻറൽ ക്ലീനിംഗ്, ഫില്ലിംഗുകൾ, റൂട്ട്കനാൽ ചികിത്സ, അടിയന്തര ഡെൻ്റൽ കേസുകൾ എന്നിവയും പോളിസി കവർ ചെയ്യും. ദന്തക്രമീകരണ ചികിത്സക്ക് 1,200 റിയാൽ വരെ കവറേജ് ലഭിക്കും. ഇതിന് ഉപയോക്താക്കൾ ചികിത്സാ ചെലവിൻ്റെ നിശ്ചിത അനുപാതം വഹിക്കേണ്ടതില്ല. സ്ത്രീകളുടെ ആരോഗ്യം, പൊണ്ണത്തടി ശസ്ത്രക്രിയകൾ, വൃക്ക മാറ്റിവെക്കൽ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനുപുറമെ, പര്യവേക്ഷണ പ്രതിരോധ പരിശോധനകൾ, വാക്സിനേഷനുകൾ എന്നിവയുമായി ബന്ധപ്പെട്ട നിരവധി നേട്ടങ്ങൾ പുതിയ പോളിസി നയത്തിൽ ചേർത്തിട്ടുണ്ടെന്നും കൗൺസിൽ അറിയിച്ചു.