സൗദിയിലുള്ള റീജിയണൽ ഹെൽത്ത് അഫയേഴ്സ് ഡയറക്ടറേറ്റുകൾ ആരോഗ്യ മന്ത്രാലയത്തിന്റെ ശാഖകളാക്കി മാറ്റും
|സൗദി ആരോഗ്യ മന്ത്രി ഫഹദ് അൽ ജലാജിലാണ് പുതിയ ഘടനാപരമായ മാറ്റങ്ങൾ പ്രഖ്യാപിച്ചത്
റിയാദ്: സൗദിയിലുള്ള റീജിയണൽ ഹെൽത്ത് അഫയേഴ്സ് ഡയറക്ടറേറ്റുകൾ ആരോഗ്യ മന്ത്രാലയത്തിന്റെ ശാഖകളാക്കി മാറ്റിയതായി ആരോഗ്യമന്ത്രി. സൗദി ആരോഗ്യ വകുപ്പ് മന്ത്രി ഫഹദ് അൽ ജലാജിലാണ് പുതിയ ഘടനാപരമായ മാറ്റങ്ങൾ പ്രഖ്യാപിച്ചത്. നിലവിൽ വിവിധ റീജണൽ ഡയറക്ടറേറ്റുകളുടെ കീഴിലായിരുന്നു ആശുപത്രികളുടെ പ്രവർത്തനം. ഇത് ഇനി മുതൽ മന്ത്രാലയത്തിന്റെ നേരിട്ടുള്ള മേൽനോട്ടത്തിലാകും. അതായത് റീജണൽ ഡയറക്ടറേറ്റുകൾ ഇനി മുതൽ മന്ത്രാലയത്തിന്റെ ഉപശാഖകളായിരിക്കും.
ധനസഹായം, സേവനങ്ങൾ എന്നിവ വിവിധ ആശുപത്രികളിലേക്ക് എത്തിക്കുന്നത് എളുപ്പമാക്കാൻ കൂടിയാണ് നടപടിയെന്ന് മന്ത്രാലയം വിശദീകരിക്കുന്നു. സൗദി ആരോഗ്യ മന്ത്രാലയത്തിന് കീഴിൽ ഹെൽത്ത് ഹോൾഡിംഗ് കമ്പനി സ്ഥാപിച്ചിരുന്നു. ഇതിനു പിന്നാലെ രാജ്യത്തെ ആരോഗ്യ മേഖലയെ വിവിധ ക്ലസ്റ്ററുകളുമാക്കി. ക്ലസ്റ്ററുകളുടെ റിപ്പോട്ടിങ് ഇനി ഹോൾഡിങ് കമ്പനികൾക്കായിരിക്കും. രാജ്യത്തുടനീളമുള്ള ആരോഗ്യ സേവനങ്ങളുടെ സമഗ്രത, കാര്യക്ഷമത, സംയോജനം എന്നിവ മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ടാണ് പദ്ധതി.