മദീനയിൽ താമസ കെട്ടിടങ്ങളുടെ രജിസ്‌ട്രേഷൻ നാളെ മുതൽ ആരംഭിക്കും
|തീർത്ഥാടകരുടെ മദീനയിലുള്ള താമസ സൗകര്യങ്ങൾ മികച്ചതാക്കുന്നതിന്റെ ഭാഗമായാണ് നടപടികൾ
ജിദ്ദ: മദീനയിൽ താമസ കെട്ടിടങ്ങളുടെ രജിസ്‌ട്രേഷൻ നാളെ മുതൽ ആരംഭിക്കും. അടുത്ത വർഷത്തെ ഹജ്ജ് തീർത്ഥാടനത്തിനുള്ള ഒരുക്കങ്ങളുടെ ഭാഗമായാണ് അപേക്ഷകൾ ക്ഷണിക്കുന്നത്. മദീനയിലെ തീർത്ഥാടകരുടെ താമസ കെട്ടിട വിഭാഗം അതോറിറ്റിയാണ് നാളെ മുതൽ അപേക്ഷകൾ സ്വീകരിക്കുക.
ഭൂഉടമകളും നിക്ഷേപകരും ആവശ്യമായ മാനദണ്ഡങ്ങൾ ഉറപ്പുവരുത്തിയാൽ മാത്രമേ താമസ കെട്ടിടങ്ങളുടെ പെർമിറ്റുകൾ അനുവദിക്കുകയുള്ളൂ. മുഹറം ഒന്നു മുതൽ റജബ് അവസാനം വരെയുള്ള എട്ടുമാസമാണ് രജിസ്‌ട്രേഷനുള്ള കാലയളവ്. ഇത്തവണ 160,000 ആഭ്യന്തര തീർത്ഥാടകർ ഉൾപ്പെടെ 1.8 ദശലക്ഷം തീർത്ഥാടകരാണ് ഹജ്ജിൽ പങ്കെടുത്തിരുന്നത്. ഹജ്ജിന് എത്തുന്ന ഭൂരിഭാഗം തീർത്ഥാടകരും ഹജ്ജിനു മുമ്പോ ശേഷമോ മദീന സന്ദർശിക്കുന്നത് പതിവാണ്.
പ്രവാചക പള്ളിയിൽ നമസ്‌കരിക്കുകയും, റൗദാ ഷരീഫ് സന്ദർശനവും വിശ്വാസികൾ ഏറെ പുണ്യം ഉള്ളതായി വിശ്വസിക്കുന്നു. ഇക്കഴിഞ്ഞ ഹജ്ജ് സീസണിൽ മാത്രം 13 ലക്ഷത്തോളം തീർത്ഥാടകർ മദീന സന്ദർശിച്ചതായാണ് റിപ്പോർട്ടുകൾ. ഉംറ സീസൺ ആരംഭിച്ചതോടെ കൂടുതൽ തീർത്ഥാടകർ മദീനയിലേക്ക് എത്തുകയാണ്. തീർത്ഥാടകരുടെ മദീനയിലുള്ള താമസ സൗകര്യങ്ങൾ മികച്ചതാക്കുന്നതിന്റെ ഭാഗമായാണ് നടപടികൾ.