Saudi Arabia
സൗദി പ്രവാസികൾക്ക് ആശ്വാസം; ഇഖാമ, റീ എൻട്രി, വിസിറ്റ് വിസ കാലാവധി പുതുക്കിനല്‍കും
Saudi Arabia

സൗദി പ്രവാസികൾക്ക് ആശ്വാസം; ഇഖാമ, റീ എൻട്രി, വിസിറ്റ് വിസ കാലാവധി പുതുക്കിനല്‍കും

Web Desk
|
17 Aug 2021 5:53 PM GMT

സൗദി പ്രവാസികളുടെ ഇഖാമയും റീ എൻട്രി വിസയും വീണ്ടും സൗജന്യമായി പുതുക്കിത്തുടങ്ങി. സെപ്റ്റംബര്‍ 30 വരെയാണ് പുതുക്കിനൽകുകയെന്ന് ജവാസാത്ത് വിഭാഗം അറിയിച്ചു

സൗദി പ്രവാസികളുടെ ഇഖാമയും റീ എൻട്രി വിസയും വീണ്ടും സൗജന്യമായി പുതുക്കിത്തുടങ്ങി. സെപ്റ്റംബര്‍ 30 വരെയാണ് പുതുക്കിനൽകുകയെന്ന് ജവാസാത്ത് വിഭാഗം അറിയിച്ചു. ഇന്ത്യയുൾപ്പെടെ സൗദിയിലേക്ക് യാത്രാവിലക്കുള്ള രാജ്യങ്ങളിൽ നിന്നുള്ളവർക്കാണ് ആനുകൂല്യം ലഭിക്കുക.

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സൗദിയിലേക്ക് നേരിട്ട് വിമാനയാത്രാ വിലക്കുള്ള ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിലെ പ്രവാസികൾക്കാണ് രാജകാരുണ്യത്തിന്റെ ആശ്വാസം ലഭിക്കുക. യാത്രാവിലക്കുമൂലം സൗദിയിലേക്ക് തിരിച്ചുവരാനാകാതെ കാലാവധി അവസാനിച്ച ഇഖാമ, റീ എൻട്രി വിസ, സന്ദർശന വിസ എന്നിവയുടെ കാലാവാധി നീട്ടിനൽകാൻ സൗദി ഭരണാധികാരി സൽമാൻ രാജാവ് നേരത്തെ നിർദേശം നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഓഗസ്റ്റ് 31 വരെ കാലാവധി നീട്ടുമെന്ന് ജവാസാത്ത് വിഭാഗം അറിയിച്ചിരുന്നുവെങ്കിലും ആർക്കും പുതുക്കി ലഭിച്ചിരുന്നില്ല. ഇതിനിടെ പലരും സ്‌പോൺസറുമായി ബന്ധപ്പെട്ട് സ്വന്തം നിലക്ക് പുതുക്കുകയും സൗദിയിലേക്ക് പുറപ്പെടുകയും ചെയ്തു.

ഇതിനിടെ അപ്രതീക്ഷിതമായാണ് ഇപ്പോൾ സെപ്റ്റംബര്‍ 30 വരെ കാലാവധി നീട്ടിനൽകുമെന്ന് സൗദി പാസ്‌പോർട്ട് വിഭാഗം അറിയിച്ചത്. ജവാസാത്തിൽനിന്നുള്ള അറിയിപ്പ് ലഭിച്ച് അൽപ സമയത്തിനകം തന്നെ രേഖകൾ പുതുക്കിലഭിച്ചതായി മലയാളികളുൾപ്പെടെ നിരവധിപേർ സാക്ഷ്യപ്പെടുത്തുന്നു. രേഖകൾ പുതുക്കുന്നതിനായി ജവാസാത്ത് ഓഫീസുകളെ സമീപിക്കേണ്ടതില്ലെന്നും സ്വമേധയാ പുതുക്കിനൽകുമെന്നും സൗദി പാസ്‌പോർട്ട് വിഭാഗം അറിയിച്ചു.

ഇക്കഴിഞ്ഞ മെയ് 24നും സൗദി രാജാവ് ഇതേ നിർദേശം നൽകിയിരുന്നു. അതിനെ തുടർന്ന് ജൂലൈ 31 വരെ രേഖകൾ പുതുക്കിനൽകുകയും ചെയ്തു. അന്ന് ആദ്യ ദിവസങ്ങളിൽ ഇഖാമയും തുടർന്നുള്ള ദിവസങ്ങളിൽ റീ എൻട്രിയും വിസിറ്റ് വിസയും പുതുക്കിനൽകി. റീ എൻട്രി കാലാവധി പുതുക്കിയോ എന്ന് പരിശോധിക്കുന്നതിനായി മുഖീം ഡോട്ട് എസ്എ എന്ന പോർട്ടലിൽ വിസ വാലിഡിറ്റി എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ആവശ്യമായ വിവരങ്ങൾ നൽകിയാൽ മതി. അബ്ഷിർ അക്കൗണ്ട് വഴി ഇഖാമ കാലാവധിയും പരിശോധിക്കാവുന്നതാണ്.

Similar Posts