Saudi Arabia
Saudi Arabia, സൗദി, money transfer, expat remittances saudi
Saudi Arabia

സൗദിയിൽ നിന്നും വിദേശികൾ നാട്ടിലേക്ക് പണമയക്കുന്നത് കുറഞ്ഞതായി റിപ്പോർട്ട്

Web Desk
|
2 Feb 2023 5:27 PM GMT

സൗദി പൗരന്മാർ അയക്കുന്ന പണത്തിൽ 11 ശതമാനം വർധന രേഖപ്പെടുത്തി

ജിദ്ദ: സൗദിയിൽ നിന്നും വിദേശികൾ നാട്ടിലേക്ക് പണമയക്കുന്നത് കുറഞ്ഞതായി റിപ്പോർട്ട്. 2019 നെ അപേക്ഷിച്ച് കഴിഞ്ഞ വർഷം പണമയക്കുന്നതിൽ 10.6 ബില്യണ്‍ റിയാലിൻ്റെ കുറവുണ്ടായി. അതേ സമയം സൗദി പൗരന്മാർ അയക്കുന്ന പണത്തിൽ 11 ശതമാനം വർധനയാണ് രേഖപ്പെടുത്തിയത്.

സൗദി സെൻട്രൽ ബാങ്ക് പുറത്ത് വിട്ട റിപ്പോർട്ട് അനുസരിച്ച് 2021 ൽ 153.9 ബില്യൺ റിയാലായിരുന്നു വിവിധ രാജ്യക്കാരായ വിദേശികൾ സ്വന്തം നാടുകളിലേക്ക് അയച്ചിരുന്നത്. എന്നാൽ കഴിഞ്ഞ വർഷം ഇത് 143.2 ബില്യൺ റിയാലായി കുറഞ്ഞു. ഇതിലൂടെ 2019 നെ അപേക്ഷിച്ച് 10.6 ബില്യണ്‍ റിയാലിൻ്റെ കുറവാണ് രേഖപ്പെടുത്തിയത്. 2019 ൽ 125.5 ബില്യൺ റിയാലാണ് വിദേശികൾ സൗദിയിൽ നിന്നും നാട്ടിലേക്കയച്ചിരുന്നത്. അതിന് ശേഷം ഏറ്റവും കുറവ് രേഖപ്പെടുത്തിയത് കഴിഞ്ഞ വർഷമാണ്.

കഴിഞ്ഞ വർഷത്തെ മിക്ക മാസങ്ങളിലും പ്രവാസികൾ പണമയക്കുന്നതിൽ കുറവുണ്ടായി. ഒക്ടോബർ, നവംബർ മാസങ്ങളിലാണ് ഏറ്റവും കുറവ് രേഖപ്പെടുത്തിയത്. 2010 മുതലുള്ള റിപ്പോർട്ടുകളനുസരിച്ച് 2015 ലാണ് ഏറ്റവും കൂടുതൽ പണം പ്രവാസികൾ നാട്ടിലേക്കയച്ചത്. അതിന് ശേഷം 2021 ലാണ് ഉയർന്ന തുക രേഖപ്പെടുത്തിയത്. എന്നാൽ സൗദി പൗരന്മാർ വിദേശങ്ങളിലേക്കയക്കുന്ന പണത്തിൽ കഴിഞ്ഞ വർഷം 11 ശതമാനം വർധന രേഖപ്പെടുത്തി. ഏകദേശം 72.5 ബില്യൺ റിയാൽ സ്വദേശികൾ വിദേശ രാജ്യങ്ങളിലേക്കയച്ചു. 2015 ന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണിത്. കഴിഞ്ഞ വർഷം മിക്ക മാസങ്ങളിലും ഈ വർധന പ്രകടമായിരുന്നു. ജനുവരി, ജൂലൈ മാസങ്ങളിലാണ് സൗദി പൗരൻമാർ ഏറ്റവും കൂടുതൽ പണം വിദേശ രാജ്യങ്ങളിലേക്കയച്ചത്.

Similar Posts