Saudi Arabia
ജിദ്ദയിലെ ചേരികൾ നീക്കം ചെയ്യൽ; റമദാനിന് ശേഷം പുനരാരംഭിക്കും
Saudi Arabia

ജിദ്ദയിലെ ചേരികൾ നീക്കം ചെയ്യൽ; റമദാനിന് ശേഷം പുനരാരംഭിക്കും

Web Desk
|
9 April 2022 5:28 PM GMT

നവംബർ 17നകം എല്ലാ പൊളിച്ച് നീക്കൽ ജോലികളും പൂർത്തീകരിക്കും വിധമാണ് ജിദ്ദ നഗരസഭ പുതിയ പട്ടിക തയ്യാറാക്കിയിട്ടുള്ളത്

ജിദ്ദ: സൗദിയിൽ ജിദ്ദയിലെ ചേരിപ്രദേശങ്ങൾ നീക്കം ചെയ്യുന്നതിനുള്ള പുതിയ പട്ടിക ജിദ്ദ നഗരസഭ പുറത്തിറക്കി. നവംബർ 17നകം പദ്ധതി പൂർത്തീകരിക്കും വിധമാണ് പുതിയ പട്ടിക തയ്യാറാക്കിയിട്ടുള്ളത്.റമദാനിന് ശേഷം സമയബന്ധിതമായി പൊളിച്ച് നീക്കൽ പ്രവൃത്തികൾ പൂർത്തീകരിക്കുവാനാണ് നീക്കം..

നവംബർ 17നകം എല്ലാ പൊളിച്ച് നീക്കൽ ജോലികളും പൂർത്തീകരിക്കും വിധമാണ് ജിദ്ദ നഗരസഭ പുതിയ പട്ടിക തയ്യാറാക്കിയിട്ടുള്ളത്. ജിദ്ദയിലെ 26 പ്രദേശങ്ങളിലായി 18.5 ദശലക്ഷം ചതുരശ്ര മീറ്റർ വിസ്തീർണ്ണത്തിലൂള്ള ഏരിയകളാണ് പൊളിച്ച് നീക്കുവാനുള്ളത്. ഇതിന് പുറമെ കിംഗ് അബ്ദുൽ അസീസ് എൻഡോവ്മെന്റ് ഫോർ അൽ-ഐൻ അസീസിയയുടെ 8 പ്രദേശങ്ങളിലായി 13.9 ദശലക്ഷം ചതുരശ്ര മീറ്റർ ഏരിയയും പൊളിച്ച് നീക്കുവാനുള്ള പട്ടികയാണ് നഗരസഭ ഇപ്പോൾ തയ്യാറാക്കിയിട്ടുള്ളത്.

നസ്ല യമാനിയ്യയിലെ ബാക്കിയുള്ള പ്രദേശങ്ങൾ പൊളിച്ച് നീക്കുന്ന ജോലി മെയ് 23ന് മുമ്പ് പൂർത്തീകരിക്കുവാനാണ് നീക്കം.. തആലിബ, ബലദ്, സഹീഫ എന്നീ പ്രദേശങ്ങൾ ഏപ്രിൽ 25നും, കന്ദറ, അൽസബീൽ, ഹിന്ദാവിയ എന്നിവിടങ്ങളിൽ മെയ് 9 നും, അൽതഗർ ജൂണ് 23നും, ഈസ്റ്റേൺ ബഗ്ദാദിയ, ശറഫിയ്യ എന്നീ പ്രദേശങ്ങൾ ജൂൺ 6നും, നുസ്ഹ, അൽസലാമ എന്നീ സ്ഥലങ്ങൾ ജൂൺ 22 നും മുമ്പായി പൊളിച്ച് നീക്കും. ബനീ മാലിക്, അൽവുറൂദ് ഭാഗങ്ങളിൽ മെയ് 28നാണ് പൊളിച്ച് തുടങ്ങുക. ഈ ജോലികൾ സെപ്തംബർ അഞ്ചിന് മുമ്പായി പൂർത്തീകരിക്കും. മുശ്റിഫയിൽ ജൂൺ നാലിന് ആരംഭിക്കുന്ന ജോലികൾ സെപ്തംബർ 12ന് മുമ്പായി അവസാനിപ്പിക്കും.

റിഹാബിലും അസീസിയയിലും ജൂൺ 11ന് പൊളിച്ച് തുടങ്ങി സെപ്തംബർ 21ന് മുമ്പായി അവസാനിപ്പിക്കുവാനാണ് നിർദ്ദേശം. റബ്വയിൽ ജൂണ് 25ന് ആരംഭിക്കുന്ന പൊളിക്കൽ ഒക്ടോബർ 5ന് മുമ്പായി അവസാനിപ്പിക്കുമെന്നും നഗരസഭ അറിയിച്ചു. പൊളിച്ച് നീക്കുന്ന പ്രദേശങ്ങളിലെ താമസക്കാരെ വിവരം അറിയിക്കുന്നതിനും, അവിടേക്കുള്ള വൈദ്യുതി, വെള്ളം സേവനങ്ങൾ അവസാനിപ്പിക്കുന്നതിനും പ്രത്യേകം തിയതി നിശ്ചയിച്ചിട്ടുണ്ട്. നഗരവികസനത്തിന്റെ ഭാഗമായി നടന്ന് വരുന്ന പൊളിച്ച് നീക്കൽ ജോലികൾ സമയബന്ധിതമായി പൂർത്തീകരിക്കുവാനാണ് നഗരസഭയുടെ നീക്കം.

Related Tags :
Similar Posts