സൗദിയിൽ തൊഴിലില്ലായ്മ നിരക്ക് കുറക്കുന്നതിൽ അതിവേഗം വിജയം കൈവരിച്ചതായി റിപ്പോർട്ട്
|2030ൽ ലക്ഷ്യമിട്ട തൊഴിലില്ലായ്മ നിരക്ക് 2024 പകുതിയോടെ പൂർത്തിയാക്കാനായി
ദമ്മാം: സൗദിയിൽ തൊഴിലില്ലായ്മ നിരക്ക് കുറക്കുന്നതിൽ അതിവേഗം വിജയം കൈവരിച്ചതായി റിപ്പോർട്ട്. രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് എക്കാലത്തെയും കുറഞ്ഞ നിരക്കായ ഏഴ് ശതമാനത്തിലെത്തിയത് വലിയ നേട്ടമായി സാമ്പത്തിക വിദഗ്ദർ വിലയിരുത്തുന്നു. വിഷൻ 2030ന്റെ പൂർത്തീകരണത്തോടെ ലക്ഷ്യമിട്ട നിരക്കാണ് ആറ് വർഷം മുമ്പ് പൂർത്തീകരിക്കാനായത്.
രാജ്യത്തെ എക്കാലത്തെയും കുറഞ്ഞ നിരക്കായ 7.1 ശതമാനമായി ഈ വർഷം രണ്ടാം പകുതിയിൽ തൊഴിലില്ലായ്മ നിരക്ക് രേഖപ്പെടുത്തിയിരുന്നു. പ്രധാനമായും മൂന്ന് കാര്യങ്ങൾ ഇതിന് സഹായകരമായതായും വിദഗ്ദർ സൂചിപ്പിക്കുന്നു. വനിതാ ശാക്തീകരണവും തൊഴിൽ വിപണിയിലേക്കുള്ള അവരുടെ മുന്നേറ്റവും നിരക്ക് കുറക്കുന്നതിന്റെ ആക്കം കൂട്ടി.
രാജ്യത്തെ തൊഴിൽ രഹിതരിൽ ഭൂരഭാഗവും വനിതകളാണ്. 34.5 ശതമാനമായിരുന്ന നിരക്ക് ഇത് 12.8 ശതമാനമായി കുറക്കാൻ കഴിഞ്ഞതോടെ ലക്ഷ്യ പൂർത്തീകരണത്തിലേക്ക് അടുക്കുകയായിരുന്നു. എണ്ണ ഇതര മേഖലക്ക് നൽകിയ പ്രോത്സാഹനവും സ്വകാര്യ മേഖലയെ ശക്തിപ്പെടുത്തിയതും രണ്ടാമത്തെ ഘടകമായി. സ്വദേശിവൽക്കരണ പദ്ധതികൾ വഴി കൂടുതൽ സ്വദേശികളെ നിയമിക്കാൻ കമ്പനികൾ നിർബന്ധിതമായതും നേട്ടത്തിന് കാരണമായതായി വിലയിരുത്തുന്നു.