കിങ് ഫഹദ് കോസ് വേ വഴിയുള്ള യാത്രാ നടപടിക്രമങ്ങള്‍ പരിഷ്കരിച്ചു
|കിങ് ഫഹദ് കോസ് വേ വഴിയുള്ള യാത്ര നടപടിക്രമങ്ങളില്‍ പുതിയ മാറ്റങ്ങള്‍ പ്രഖ്യാപിച്ചു. ഫെബ്രുവരി 9, ബുധനാഴ്ച പുലര്‍ച്ചെ 1 മണിമുതലാണ് മാറ്റങ്ങള്‍ ആരംഭിക്കുകയെന്ന് കോസ്വേ ജനറല്‍ കോര്പ്പറേഷന് അറിയിച്ചു.
സൗദി പൗരന്മാര്ക്ക് രാജ്യത്തിന് പുറത്ത് പോകാന്‍, രണ്ടാമത്തെ കോവിഡ് വാക്സിന് ഡോസ് സ്വീകരിച്ച് 3 മാസം കഴിഞ്ഞിട്ടുണ്ടെങ്കില്‍ മൂന്നാമത്തെ ബൂസ്റ്റര്‍ ഡോസ് എടുക്കല്‍ നിര്‍ബന്ധമാണ്. എന്നാല്‍ 16 വയസ്സിന് താഴെയുള്ളവര്‍ക്കും 'തവക്കല്‍ന' ആപ്ലിക്കേഷനില്‍ പറയുന്ന പ്രകാരം വാക്സിനേഷനില്‍നിന്ന് ഒഴിവാക്കിയ ഗ്രൂപ്പുകള്‍ക്കും ഇത് ബാധകമായിരിക്കില്ല.
അതുപോലെ പൗരന്മാര് ഉള്‍പ്പെടെ രാജ്യത്തേക്ക് വരുന്ന എല്ലാവരും, അവര്‍ വാക്സിന് സ്വീകരിച്ചവരാണെങ്കിലും 48 മണിക്കൂറിനുള്ളിലുള്ള അംഗീകൃത പിസിആര്‍ നെഗറ്റീവ് ഫലം സൂക്ഷിക്കണം. 8 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് ഇത് ബാധകമായിരിക്കില്ല.
വൈറസ് ബാധിച്ചതായി കണ്ടെത്തിയ പൗരന്മാര്ക്ക്, പോസിറ്റീവ് സാമ്പിള്‍ ലഭിച്ച തീയതി മുതല്‍ 7 ദിവസം കഴിഞ്ഞാല്‍ രാജ്യത്തേക്ക് വരാന്‍ അനുവാദമുണ്ടായിരിക്കും. അംഗീകൃത വാക്സിന് ഡോസുകള്‍ സ്വീകരിക്കാത്തവര്‍ക്ക് പോസിറ്റീവ് സാമ്പിള്‍ എടുത്ത തീയതി മുതല്‍ 10 ദിവസങ്ങള്‍ക്ക് ശേഷം പുനഃപരിശോധന നടത്താതെ തന്നെ കോസ്വേയിലൂടെ രാജ്യത്തേക്ക് പ്രവേശിക്കാന്‍ സാധിക്കും.