പശ്ചിമേഷ്യയിൽ സൈബർ ആക്രമണത്തിന് സാധ്യതയേറെയെന്ന് വെളിപ്പെടുത്തൽ
|മിഡിൽ ഈസ്റ്റ് ആന്റ് നോർത്ത് അമേരിക്ക ഇൻഫർമേഷൻ സെക്യൂരിറ്റി കോൺഫറൻസ് സിഇഒയുടേതാണ് വെളിപ്പെടുത്തൽ
ദമ്മാം: സൈബർ ആക്രമണത്തിന് ഏറെ സാധ്യതയുള്ള ഇടമായി പശ്ചിമേഷ്യ മാറിയെന്ന് വെളിപ്പെടുത്തൽ. മിഡിൽ ഈസ്റ്റ് ആന്റ് നോർത്ത് അമേരിക്ക ഇൻഫർമേഷൻ സെക്യൂരിറ്റി കോൺഫറൻസ് സി.ഇ.ഒ സാമിർ ഒമറാണ് പുതിയ വെളിപ്പെടുത്തൽ നടത്തിയത്. സൗദിയിലെ സാമ്പത്തിക, നിർമാണ മേഖലകളാണ് സൈബർ ആക്രമണത്തിന് ഏറെ സാധ്യത നിലനിൽക്കുന്ന മേഖലകളെന്നും അദ്ദേഹം വ്യക്തമാക്കി.
സൗദി പ്രാദേശിക പത്രമാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. മിഡിൽ ഈസ്റ്റ് ആന്റ് നോർത്ത് അമേരിക്ക ഇൻഫർമേഷൻ സെക്യൂരിറ്റി കോൺഫറൻസ് സി.ഇ.ഒ സാമിർ ഒമറിനെ ഉദ്ധരിച്ചാണ് വാർത്ത. സൈബർ ആക്രമണത്തിന് ഏറ്റവും ഉയർന്ന സാധ്യതയുള്ള സൗദിയിലെ രണ്ട് മേഖലകളാണ് സാമ്പത്തിക മേഖലയും നിർമാണ മേഖലയുമെന്ന് സാമിർ ഒമർ പറഞ്ഞു.
സൈബർ ആക്രമണങ്ങളിൽ 18.2 ശതമാനവും സാമ്പത്തിക മേഖലയെ ലക്ഷ്യമിട്ടുള്ളതാണ്. സൈബർ സുരക്ഷയുടെ കാര്യത്തിൽ സൗദി അറേബ്യ ലോകത്തിലെ മുൻനിരയിലാണ്. 2023 ഗ്ലോബൽ സൈബർ സുരക്ഷാ സൂചികയിൽ ആഗോള തലത്തിൽ രണ്ടാം സ്ഥാനത്താണ്. സൈബർ ആക്രമണത്തിന് ഏറെ സാധ്യതയുള്ള മേഖലയാണ് പശ്ചിമേഷ്യ. ആഗോളതലത്തിൽ ഡാറ്റാ ലംഘനത്തിന്റെ ശരാശരി ചിലവ് 4.45 മില്യൺ ഡോളറായിരിക്കെ ജി.സി.സി മേഖലയിൽ ഇത് വളരെ കൂടുതലാണ്. 6.9 മില്യൺ ഡോളർ വരെയാണ് ജി.സി.സിയിലെ സൈബർ ആക്രമണത്തിന്റെ ശരാശരി ചെലവ് കണക്കാക്കുന്നതെന്നും സാമിർ ഒമർ വ്യക്തമാക്കി.