Saudi Arabia
Riyadh Air- Saudi Arabia

റിയാദ് എയര്‍

Saudi Arabia

റിയാദ് എയർ സർവീസുകൾ 2025ൽ തുടങ്ങും: ഇന്ത്യയടക്കം ഏഷ്യയിലേക്കും സർവീസുകൾ

Web Desk
|
13 March 2023 4:01 PM GMT

ലോകത്തെ ഏറ്റവും മുൻനിര യാത്രാ വിമാനങ്ങളാണ് സർവീസിന് ഉപയോഗിക്കുക

റിയാദ്: റിയാദ് എയർ വിമാന സർവീസുകൾ 2025ല്‍ സർവീസിന് തുടക്കം കുറിക്കും. ലോകത്തെ ഏറ്റവും മുൻനിര യാത്രാ വിമാനങ്ങളാണ് സർവീസിന് ഉപയോഗിക്കുക. ആദ്യ 40 വിമാനങ്ങൾ ഉടൻ സൗദിയിലെത്തും. സർവീസ് ആരംഭിക്കുന്നതോടെ ലോകത്തെ മുൻനിര വിമാനക്കമ്പനികളുമായാകും റിയാദ് എയറിന്റെ മത്സരം.

പുതിയ വിമാനക്കമ്പനിയായി റിയാദ് എയർ വരുമ്പോൾ സൗദിയുടെ സ്വപ്നങ്ങൾ ചെറുതല്ല. 2025ൽ സർവീസ് ആരംഭിക്കുമെന്ന് റിയാദ് എയർ സിഇഒ ടോണി ഡൗഗ്ലസ് അറിയിച്ചു. 2030 വരെ നീളുന്ന ആദ്യ ഘട്ടത്തിൽ 100 അന്താരാഷ്ട്ര വിമാനത്താവളങ്ങളിലേക്ക് സർവീസുണ്ടാകും. ഓർഡർ നൽകിയ ആദ്യ നാൽപത് വിമാനങ്ങൾ സൗദിയിലെത്തുന്നുണ്ട്. സർവീസിന് എയർബസ് A320, ബോയിംഗ് 737, എയർബസ് A350 തുടങ്ങിയ വിമാനങ്ങളാണ് എത്തുന്നത്. ഏറ്റവും അത്യാധുനിക സാങ്കേതിക വിദ്യയാണുള്ളത്. റിയാദ് എയറിന്റെ സർവീസിലും ഗുണമേന്മയിലും ഒരു വിട്ടുവീഴ്ചയും പാടില്ലെന്നാണ് കിരീടാവകാശിയുടെ ഉത്തരവ്.

ഫലത്തിൽ ലോകത്തിലെ തന്നെ മുൻനിര വിമാനക്കമ്പനികളുമായാകും റിയാദ് എയറിന്റെ മത്സരം. ഗൾഫ് മേഖലയിലെ ഏറ്റവും മികച്ച സർവീസ് മത്സരമായി അത് മാറുമെന്നുറപ്പ്. ഇക്കാര്യം അന്താരാഷ്ട്ര ബിസിനസ് വാർത്താ ഏജൻസികളും ചൂണ്ടിക്കാട്ടുന്നു. പുതിയ വിമാനം പറന്നുയരുന്നതോടെ സൗദി കാണുന്ന സ്വപ്നം മറ്റൊന്ന് കൂടിയാണ്. ലോകത്തിലെ ഏറ്റവും വലിയ ട്രാൻസിറ്റ് ഹബ്ബായി റിയാദിനെ മാറ്റുക. ലോകത്തേക്കെവിടേക്കും സൗദിയിൽ നിന്നും വിമാനങ്ങളൊരുക്കുക. ഇന്ത്യയുൾപ്പെടുന്ന ഏഷ്യയും സർവീസ് പട്ടികയിലുണ്ട്. ആഭ്യന്തര സർവീസുകളും റിയാദ് എയറിലുണ്ടാകും. നേരിട്ടും അല്ലാതെയും 2 ലക്ഷം തൊഴിലുകൾ കമ്പനി നൽകും. 20,000 കോടി റിയാൽ എണ്ണേതര വരുമാനമായി റിയാദ് എയർ ജി.ഡി.പിയിലെത്തിക്കും.

Similar Posts