ഷേവിങ്ങും മൊബൈല്‍ ഫോണ്‍ മെയിന്റനന്‍സുമടക്കം 9 ഭക്ഷ്യേതര സേവനങ്ങള്‍ വീട്ടുപടിക്കലെത്തിക്കാനുള്ള അനുമതിയുമായി റിയാദ് മുനിസിപ്പാലിറ്റി
|റിയാദ്: പ്രത്യേക മുനിസിപ്പല്‍ നിയന്ത്രണങ്ങള്‍ക്കും നിബന്ധനകള്‍ക്കുമനുസൃതമായി, തലസ്ഥാനത്തിനകത്ത് സഞ്ചരിക്കുന്ന 9 ഭക്ഷ്യേതര വാണിജ്യ പ്രവര്‍ത്തനങ്ങള്‍ക്ക് മുനിസിപ്പാലിറ്റിയുടെ അനുമതി. ഗുണഭോക്താക്കള്‍ക്ക് അവരുള്ള സ്ഥലത്തേക്ക് സേവനങ്ങള്‍ എത്തിച്ചു നല്‍കുന്ന തരത്തിലാണ് സംവിധാനം.
പ്ലംബിങ്, വൈദ്യുതി, എയര്‍ കണ്ടീഷനിങ്, റഫ്രിജറേഷന്‍ തുടങ്ങിയ ഗാര്‍ഹിക അറ്റകുറ്റപ്പണികള്‍ക്ക് പുറമേ, കമ്പ്യൂട്ടറുകളുടെയും മൊബൈല്‍ ഫോണുകളുടെയും സര്‍വിസുകളും ഇവയില്‍ ഉള്‍പ്പെടുത്തിയതായി അധികൃതര്‍ സൂചിപ്പിച്ചു.
ലൈറ്റ് വെഹിക്കിള്‍ മെയിന്റനന്‍സ്, ടയര്‍ റിപ്പയര്‍, കാര്‍ വാഷ്, വാഹനങ്ങളിലെ ഓയില്‍ മാറ്റല്‍, സൈക്കിള്‍ വാടകയ്ക്ക് നല്‍കല്‍, പുരുഷന്മാരുടെയും കുട്ടികളുടെയും ഷേവിങ്ങും മുടിവെട്ടലും എന്നിവയും ഈ വിഭാഗത്തില്‍ ഉള്‍പ്പെടും.
സഞ്ചരിക്കുന്ന സേവനങ്ങള്‍ അനുവദനീയമായ ഏതെങ്കിലും ജോലികളില്‍ ഏര്‍പ്പെടുന്ന, വാണിജ്യ സ്റ്റോര്‍ ഉള്ള വ്യക്തികള്‍ക്ക് അവരുടെ ഉടമസ്ഥതയിലുള്ള ഓരോ വാഹനത്തിനും ഇതിനായി പെര്‍മിറ്റ് കരസ്ഥമാക്കാം. അല്ലെങ്കില്‍ പ്രത്യേക നിബന്ധനകളോടെ ഈ ആവശ്യങ്ങള്‍ക്കായി വാഹനം വാടകയ്ക്ക് എടുക്കാനും അനുവാദമുണ്ട്. മുനിസിപ്പാലിറ്റിയുടേയും സ്ഥല ഉടമയുടേയും പ്രത്യേക അനുമതിയോടെ മാത്രം ഗുണഭോക്താവിന്റെ ലൊക്കേഷനിലോ അനുവദനീയമായ മറ്റു ഇടങ്ങളിലോ എത്തി സേവനങ്ങള്‍ നല്‍കാവുന്നതാണ്.
കടമുറികളില്ലാത്ത പൗരന്മാര്‍ക്ക് ഷേവിങ്, ടയറുകള്‍ നന്നാക്കല്‍, കാര്‍ ഓയില്‍ മാറ്റല്‍ പോലോത്ത വാണിജ്യ ഷോപ്പ് ആവശ്യമില്ലാത്ത സേവനങ്ങള്‍ നല്‍കാനും അതിനായി വാഹനങ്ങള്‍ വാടകയ്‌ക്കെടുക്കാനും മുനിസിപ്പാലിറ്റി അനുമതി നല്‍കും.