റിയാദ് സീസൺ: ഒരാഴ്ചക്കിടെ എത്തിയത് 20 ലക്ഷത്തിലധികം കാഴ്ചക്കാർ
|സുവൈദി പാർക്കിൽ അതിഥിയായി ഇന്ത്യൻ ക്രിക്കറ്റ് താരം ശ്രീശാന്ത്
റിയാദ്: സൗദിയിൽ നടക്കുന്ന റിയാദ് സീസണിൽ ഒരാഴ്ചക്കിടെ എത്തിയത് 20 ലക്ഷത്തിലധികം കാഴ്ചക്കാർ. 14 വേദികളിലായി നിരവധി രാജ്യങ്ങളിൽ നിന്നുള്ള സാംസ്‌കാരിക, കലാ പരിപാടികളാണ് സീസണിന്റെ ഭാഗമായി അരങ്ങേറുന്നത്. സീസണിന്റെ ഒൻപതാമത് ദിവസമായ ഇന്നലെ ഇന്ത്യൻ ക്രിക്കറ്റ് താരം ശ്രീശാന്ത് റിയാദിലെ സുവൈദി പാർക്കിൽ അതിഥിയായെത്തി. സുവൈദി പാർക്കിലാണ് ഇന്ത്യയടക്കമുള്ള രാജ്യങ്ങളുടെ പരിപാടികൾ സംവിധാനിച്ചിരിക്കുന്നത്.
ബോളിവാർഡ് വേൾഡ്, കിംഗ്ഡം അരീന, ബോളിവാർഡ് സിറ്റി, ദി വെനി, അൽ സുവൈദി പാർക്ക് എന്നീ അഞ്ചിടത്തായാണ് റിയാദ് സീസണിന്റെ പ്രധാന പരിപാടികൾ അരങ്ങേറുന്നത്. വിവിധയിടങ്ങളിലായി ഒരാഴ്ചക്കിടെ എത്തിയത് 20 ലക്ഷത്തിലധികം കാഴ്ചക്കാരായിരുന്നു. ബോക്‌സിംഗ് മത്സരം, ടെന്നീസ് ടൂർണ്ണമെന്റ്, വിവിധ രാജ്യങ്ങളിലെ നിരവധി കലാ സാംസ്‌കാരിക പരിപാടികൾ എന്നിവയാണ് ഫെസ്റ്റിന്റെ ഭാഗമായി അരങ്ങേറുന്നത്.
300 റെസ്റ്റോറന്റുകളും കഫേകളും 890 ലധികം ഷോപ്പിംഗ് സംവിധാനങ്ങളും ഫെസ്റ്റിന്റെ ഭാഗമാണ്. കുട്ടികൾക്കായി തിയറ്റർ, ഫെസ്റ്റീവ് പരേഡ്, ബേർഡ് പാർക്ക് എന്നിവയും ഫെസ്റ്റിന്റെ ഭാഗമാണ്. 13 മുതൽ 21 വരെയുള്ള ആദ്യ ഒമ്പത് ദിവസങ്ങളിലായിരിക്കും റിയാദ് സീസണിന് സുവൈദി പാർക്ക് സാക്ഷിയാവുക. വൈകീട്ട് നാല് മുതൽ അർധ രാത്രി വരെയായിരിക്കും ഓരോ ദിവസവും ഫെസ്റ്റ് നീണ്ടു നിൽക്കുക.
webook.com എന്ന സൈറ്റിലൂടെ രജിസ്റ്റർ ചെയ്യുന്നവർക്കായിരിക്കും ഫെസ്റ്റിലേക്ക് പ്രവേശനം അനുവദിക്കുക. പ്രവേശനം സൗജന്യമായിരിക്കുമെന്നും അധികൃതർ അറിയിച്ചു. നവംബർ മുപ്പതോടെ വിദേശ രാജ്യങ്ങൾക്കുള്ള ഫെസ്റ്റിവലിന് സമാപനമാകും.