വാഹനപകടത്തിൽ മരിച്ച മലയാളി കുടുംബത്തിന് റിയാദിന്റെ കണ്ണീരിൽ കുതിർന്ന യാത്രയയപ്പ്
|കെഎംസിസി നേതാക്കളായ അഷ്റഫ് വേങ്ങാട്ട്, സിപി മുസ്തഫ എന്നിവരുടെ നേതൃത്വത്തിലാണ് നടപടി ക്രമങ്ങൾ പൂർത്തീകരിച്ചത്.
സൗദിയിൽ അപകടത്തിൽ മരിച്ച കോഴിക്കോട് ബേപ്പൂർ സ്വദേശി ജാബിറിനും ഭാര്യക്കും മൂന്ന് മക്കൾക്കും പ്രവാസി സമൂഹത്തിന്റെ വികാര നിർഭരമായ യാത്രാ മൊഴി. നടപടിക്രമങ്ങൾ പൂർത്തിയാക്കിയ മൃതദേഹങ്ങൾ റിയാദ് വിമാനത്താവളത്തിലേക്ക് അൽപ സമയത്തിനകം എത്തിക്കും. നാളെ രാവിലെയുള്ള കാർഗോ വിമാനത്തിൽ മറ്റന്നാൾ പുലർച്ചയോടെ അഞ്ചു പേരെയും നാട്ടിലെത്തിക്കും.
പ്രവാസി സമൂഹത്തിന്റെ നെഞ്ചുലച്ച അപകടത്തിൽ മരിച്ചവർക്ക് കണ്ണീരോടെയാണ് റിയാദ് യാത്ര പറഞ്ഞത്. കോഴിക്കോട് ബേപ്പൂർ സ്വദേശി മുഹമ്മദ് ജാബിർ, ഭാര്യ ഷബ്ന, മക്കളായ 12 കാരൻ ലുത്ഫി, ഏഴു വയസ്സുകാരി സഹ, അഞ്ചു വയസ്സുകാരി ലൈബ എന്നിവരുടെ മൃതദേഹമാണ് നടപടി ക്രമങ്ങൾ പൂർത്തിയാക്കി വിമാനത്താവളത്തിലെത്തിക്കുന്നത്. ദുബൈ വഴിയുള്ള വിമാനം ചൊവ്വാഴ്ച പുലർച്ചെ കൊച്ചിയിലെത്തും. ഇവിടെ നിന്നും റോഡ് മാർഗമാണ് കോഴിക്കോട്ടെത്തിക്കുക.
അതിവേഗത്തിൽ കെഎംസിസി നേതാക്കളായ അഷ്റഫ് വേങ്ങാട്ട്, സിപി മുസ്തഫ എന്നിവരുടെ നേതൃത്വത്തിലാണ് നടപടി ക്രമങ്ങൾ പൂർത്തീകരിച്ചത്. വിവിധ വകുപ്പുകളിൽ നിന്നും രേഖകൾ ശരിയാക്കാൻ സിദ്ദീഖ് തുവ്വൂർ, മെഹബൂബ് കണ്ണൂർ, നജ്മൽ, അൻസാർ എന്നിവർ നേതൃത്വം നൽകിതോടെ വേഗത്തിൽ നാട്ടിലെത്തിക്കാൻ വഴി തെളിഞ്ഞു.നാട്ടിൽ കാര്യങ്ങൾ വേഗത്തിലാക്കാൻ മന്ത്രി മുഹമ്മദ് റിയാസും ഇടപെട്ടിരുന്നു.
സ്ത്രീകളുടെ മയ്യിത്ത് പരിപാലനത്തിന് റിയാദിലെ കെഎംസിസി വനിതാ നേതാക്കളായ റഹ്മത്ത്, നുസൈബ, നജ്മ എന്നിവർ നേതൃത്വം നൽകി. ശുമൈസിയിലെ ആശുപത്രിക്ക് സമീപവും പള്ളിയിലും വെച്ച് മയ്യിത്ത് നമസ്കാരങ്ങൾ പൂർത്തിയാക്കി. പുതിയ ജോലി സ്ഥലത്തേക്ക് പോകുന്നതിനിടെ റിയാദ് ബീശ റോഡിൽ വെച്ച് ഇവരുടെ വാഹനം അതിവേഗത്തിലെത്തിയ സൗദിയുടെ കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. എല്ലാവരും സംഭവ സ്ഥലത്തത് വെച്ചു തന്നെ മരണപ്പെട്ടു. ജാബിറിന്റെ വീടു പണി അവസാന ഘട്ടത്തിലായിരുന്നു. ഇതിനിടയിലാണ് കുടംബത്തെ സന്ദർശക വിസയിൽ വീണ്ടും സൗദിയിലെത്തിച്ചത്. അഞ്ചു പേർക്കും നാട്ടിൽ ഒരേയിടത്ത് അടുത്തടുത്താണ് അന്ത്യവിശ്രമം.