Saudi Arabia
മക്കയിൽ പിതാവിന്റെ ഖബറടക്കം പൂർത്തിയാക്കി മടങ്ങവെ മകൻ വാഹനപകടത്തിൽ മരിച്ചു
Saudi Arabia

മക്കയിൽ പിതാവിന്റെ ഖബറടക്കം പൂർത്തിയാക്കി മടങ്ങവെ മകൻ വാഹനപകടത്തിൽ മരിച്ചു

Web Desk
|
8 Aug 2024 4:16 PM GMT

മലപ്പുറം വാഴയൂർ സ്വദേശി റിയാസ് റമദാനാണ് മരിച്ചത്

മക്കയിൽ പിതാവിന്റെ ഖബറടക്കം പൂർത്തിയാക്കി കുവൈത്തിലേക്ക് മടങ്ങുമ്പോൾ വാഹനം മറിഞ്ഞ് മകൻ മരിച്ചു. മലപ്പുറം വാഴയൂർ സ്വദേശി റിയാസ് റമദാനാണ് മരിച്ചത്. മലപ്പുറം വാഴയൂർ തിരുത്തിയാട് സ്വദേശി മണ്ണിൽ കടവത്ത് മുഹമ്മദ് മാസ്റ്ററാണ് പിതാവ്. ഹജ്ജിനിടെ കാണാതായി മരണപ്പെട്ട പിതാവിന്റെ ഖബറടക്കത്തിന് എത്തിയതായിരുന്നു മക്കയിൽ. പിതാവിന്റെ ഖബറടക്കം ഇന്നലെ മക്കയിലെ ജന്നത്തുൽ മുഅല്ലയിൽ പൂർത്തിയാക്കിയിരുന്നു. ഇത് കഴിഞ്ഞ് ഇന്ന് കുവൈത്തിലേക്ക് മടങ്ങുമ്പോഴാണ് ത്വാഇഫിനടുത്ത് വെച്ച് വാഹനം മറിഞ്ഞത്. അപകട സ്ഥലത്തു വെച്ചു തന്നെ റിയാസ് മരണപ്പെട്ടെന്നാണ് വിവരം. നാൽപത്തിയഞ്ച് വയസ്സായിരുന്നു. കുവൈത്തിലായിരുന്നു ജോലി.റിയാസിന്റെ ഭാര്യയും മൂന്ന് മക്കളും പരിക്കുകളോടെ രക്ഷപ്പെട്ടു. ത്വാഇഫിൽ നിന്നും റിയാദിലേക്ക് പോകുന്ന വഴിയിലെ മൂയ ആശുപത്രിയിലാണ് ഇവർ ചികിത്സയിലുള്ളത്.

ദാരുണമായ അപകട മരണത്തിനാണ് സൗദിയുടെ പടിഞ്ഞാറൻ പ്രവിശ്യ സാക്ഷ്യം വഹിച്ചത്. ഹജ്ജിനിടെ മിനയിൽ വെച്ച് കാണാതായ പിതാവ് മുഹമ്മദ് മാസ്റ്റർക്കായി ദിവസങ്ങളോളം റിയാസ് സൗദിയിൽ ചിലവഴിച്ചിരുന്നു. സൗദിയുടെ വിവിധ ഭാഗങ്ങളിലെ ആശുപത്രികളിലെല്ലാം പരിശോധിച്ച് പിതാവില്ലെന്ന് ഉറപ്പാക്കിയാണ് കുവൈത്തിലേക്ക് മടങ്ങിയിരുന്നത്. പിന്നീട് ഇദ്ദേഹത്തെ കണ്ടെത്തിയതായും മരണം സ്ഥിരീകരിച്ചതായും മക്ക പോലീസ് അറിയിച്ചു. ഇതോടെ കുടുംബത്തോടൊപ്പം ഖബറടക്കത്തിന് എത്തിയതായിരുന്നു റിയാസ്. ഇന്ന് നാട്ടിൽ പിതാവിന്റെ മയ്യിത്ത് നമസ്‌കാരം കഴിഞ്ഞതിന് പിന്നാലെയാണ് മകന്റെ മരണവുമെത്തുന്നത്. റിയാസിന്റെ അനിയനും കുടുംബവും കുവൈത്തിൽ നിന്നെത്തി മക്കയിലുണ്ടായിരുന്നു. ഇവർ ആശുപത്രിയിലെത്തിയിട്ടുണ്ട്.

Similar Posts