കനത്ത മഴ; സൗദിയുടെ കിഴക്കൻ പ്രവിശ്യയിൽ റോഡുകളും താഴ്ന്ന പ്രദേശങ്ങളും വെള്ളത്തിനടിയിൽ
|പുലർച്ചയോടെ ആരംഭിച്ച മഴ നിലക്കാതെ തുടരുകയാണ്.
ദമ്മാം: ശക്തമായ മഴ മുന്നറിയിപ്പിന് പിന്നാലെ സൗദിയുടെ കിഴക്കൻ പ്രവിശ്യയിലെ മഴയെത്തി. പുലർച്ചയോടെ ആരംഭിച്ച മഴ നിലക്കാതെ തുടരുകയാണ്. നാട്ടിലെ വേനൽമഴയെ ഓർമ്മിപ്പിക്കുന്ന തരത്തിൽ കനത്ത ഇടിമിന്നലോട് കൂടിയാണ് മഴ പെയ്യുന്നത്. മഴയിൽ പ്രവിശ്യയിലെ റോഡുകളും താഴ്ന്ന പ്രദേശങ്ങളും വെള്ളത്തിനടിയിലായി.
അണ്ടർപാസുകളിൾ വെള്ളെ നിറഞ്ഞതോടെ പല ഹൈവേകളും അടച്ചിട്ടു. ദമ്മാം അൽോഖോബാർ റോഡ്, ദഹ്റാൻ ജുബൈൽ ഹൈവേ, ദമ്മാം എയർപോർട്ട് ഹൈവേ, ദമ്മാം അൽഹസ്സ റോഡ് എന്നിവിടങ്ങളിലെല്ലാം വെള്ളക്കെട്ടുകൾ രൂപപ്പെട്ടു. കനത്ത മഴ മുന്നറിയിപ്പിനെ തുടർന്ന് പ്രവിശ്യയിലെ വിദ്യഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്നും നാളെയും അവധി നൽകി. സ്വദേശി സ്‌കൂളുകളും ഇന്ത്യൻ എംബസി സ്‌കൂളുകളും ഓൺലൈൻ വഴി ക്ലാസുകൾ നടത്തി വരികയാണ്. റോഡുകളിൽ ഗതാഗത തടസ്സം നേരിട്ടതോടെ സർക്കാർ സ്വകാര്യ സ്ഥാപനങ്ങളില് മിക്കവയും ഇന്ന് ഉച്ചയോടെ അവധി നൽകി. വെള്ളിയാഴ്ച വരെ മഴ തുടരുമെന്ന് കാാലവസ്ഥാ കേന്ദ്രം അറിയിച്ചിട്ടുണ്ട്. വാഹനങ്ങളിൽ യാത്ര ചെയ്യുന്നവരും പുറത്തിറങ്ങുന്നവരും ജാഗ്രത പാലിക്കാൻ സിവിൽ ഡിഫൻസും ട്രാഫിക് വിഭാഗവും കർശന നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.