സൗദിയിലെ ഗുരുതരവസ്ഥയിൽ കഴിയുന്ന മലയാളിയെ നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടി പൂർത്തിയായി
|വർഷത്തിലധികമായി ആശുപത്രിയിൽ കഴിയുന്ന രാജേഷിനെ നാട്ടിലെത്തിക്കുന്നതിനുള്ള മുഴുവൻ ചിലവുകളും ദമ്മാം കെ.എം.സി.സി ഏറ്റെടുത്തതോടെയാണ് നടപടികൾ വേഗത്തിൽ പൂർത്തിയായത്
സൗദിയിലെ ദമ്മാമിൽ വാഹനപകടത്തെ തുടർന്ന് ഗുരുതരവസ്ഥയിൽ കഴിയുന്ന തൃശ്ശൂർ വാഴാനി സ്വദേശി രാജേഷ് രാജിനെ നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടികൾ പൂർത്തിയായി. ഒരു വർഷത്തിലധികമായി ആശുപത്രിയിൽ കഴിയുന്ന രാജേഷിനെ നാട്ടിലെത്തിക്കുന്നതിനുള്ള മുഴുവൻ ചിലവുകളും ദമ്മാം കെ.എം.സി.സി ഏറ്റെടുത്തതോടെയാണ് നടപടികൾ വേഗത്തിൽ പൂർത്തിയായത്. അടുത്ത ആഴ്ചയോട്കൂടി നാട്ടിലെത്തിക്കുന്നതിനുള്ള മുഴുവൻ നടപടികളും പൂർത്തിയായതായി കെ.എം.സി.സി സൗദി കിഴക്കൻ പ്രവിശ്യ വെൽഫയർ വിഭാഗം ഭാരവാഹികൾ പറഞ്ഞു.
കോമാ സ്റ്റേജിലായിരുന്ന രാജേഷിനെ തുടർചികിൽസക്കായി നാട്ടിലെത്തിക്കുന്നതിന് അദ്ദേഹത്തിന്റെ കുടുംബം പലരെയും സമീപിച്ചിരുന്നു. എന്നാൽ ഭീമമായ സംഖ്യ ചിലവ് വരുന്നതിനാൽ നടപടികൾ മുന്നോട്ട് പോയില്ല. ഒടുവിൽ സഹായഭ്യർഥനയുമായി രാജേഷിന്റെ കുടുംബം പാണക്കാട് തങ്ങളുടെ അടുത്തെത്തി. ഇതിനെ തുടർന്നാണ് കഴിഞ്ഞ മാസം ദമ്മാം കെ.എം.സി.സിയുടെ നേതൃത്വത്തിൽ വീണ്ടും ശ്രമങ്ങളാരംഭിച്ചത്.
ആർ.പി.എം മെഡിക്കൽസുമായി സഹകരിച്ചാണ് രാജേഷിനുള്ള യാത്രാ സൗകര്യങ്ങൾ ഒരുക്കിയിരിക്കുന്നത്. വിമാനകമ്പനിയുടെ ഭാഗത്ത് നിന്നുള്ള അന്തിമ അനുമതി കൂടി ലഭ്യമാകുന്നതോടെ വരും ദിവസങ്ങളിൽ യാത്ര ചെയ്യാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് രാജേഷും സന്നദ്ധ പ്രവർത്തകരും.
rocedure to take Malayali who is in critical condition in Saudi to home completed