ഫൈവ്ജി നെറ്റ് വർക്കിൽ സൗദിക്ക് രണ്ടാം സ്ഥാനം
|ടെലികോം രംഗത്ത് മികച്ച നെറ്റ് വർക്ക് സേവനങ്ങൾ ലഭ്യമാകുന്ന രാജ്യങ്ങളുടെ പട്ടികയിലാണ് സൗദി മുൻനിര സ്ഥാനം നേടിയത്
ആഗോള തലത്തിൽ മികച്ച ഫൈവ്ജി നെറ്റ് വർക്ക് കവറേജുള്ള രാജ്യങ്ങളുടെ പട്ടികയിൽ സൗദി അറേബ്യക്ക് രണ്ടാം സ്ഥാനം. രാജ്യത്തെ ഇരുപത്തിയാറ് ശതമാനത്തിലധികം വരുന്ന ജനങ്ങളാണ് ഫൈവ്ജി സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തുന്നത്. ദക്ഷിണ കൊറിയയാണ് സൗദിക്ക് മുമ്പിൽ ഒന്നാം സ്ഥാനത്തുള്ള രാജ്യം.
ടെലികോം രംഗത്ത് മികച്ച നെറ്റ് വർക്ക് സേവനങ്ങൾ ലഭ്യമാകുന്ന രാജ്യങ്ങളുടെ പട്ടികയിലാണ് സൗദി മുൻനിര സ്ഥാനം നേടിയത്. ആഗോള തലത്തിൽ ഫൈവ്ജി കണക്റ്റിവിറ്റി ഏറ്റവും കൂടുതൽ ഉപയോഗപ്പെടുത്തുന്നവരുടെ എണ്ണം കണക്കാക്കിയാണ് സ്ഥാനം നിർണ്ണയിച്ചത്. രണ്ടാം സ്ഥാനം നേടിയ സൗദിയിൽ ജനസംഖ്യയുടെ 26.6 ശതമാനം പേർ ഫൈവ്ജി സേവനം ഉപയോഗപ്പെടുത്തുന്നതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
ജനസംഖ്യയുടെ 28.1 ശതമാനം ജനങ്ങൾ ഫൈവ്ജി സേവനം ഉപയോഗപ്പെടുത്തുന്ന ദക്ഷിണ കൊറിയയാണ് സൗദിക്ക് മുന്നിലുള്ള രാജ്യം. മൂന്നാം സ്ഥാനത്ത് കുവൈത്തും നാലാം സ്ഥാനത്ത് ഹോങ്കോംഗുമാണ് പട്ടികയില്‍ ഇടം നേടിയത്. സൗദിയിൽ നാല് ദശലക്ഷത്തിനടുത്ത് വീടുകൾ ഇതിനകം ഫൈബർ ഒപ്റ്റിക്സുമായി ബന്ധിപ്പിച്ചു കഴിഞ്ഞു. നിലവിൽ രാജ്യത്തെ എല്ലാ ഗവർണറേറ്റുകളിലും ഫൈവ്ജി സേവനം ലഭ്യമാണ്. എസ്.ടി.സി, സൈൻ, മൊബൈലി കമ്പനികളാണ് പ്രധാന ഇന്റർനെറ്റ് ദാതാക്കൾ.