ലിബിയയിൽ സൗദിയുടെ സഹായം; 90 ടൺ സാധനങ്ങളുമായി ആദ്യ വിമാനം ലിബിയയിലെത്തി
|ചുഴലിക്കാറ്റും വെള്ളപ്പൊക്കവും മൂലം ലിബിയയിൽ മരിച്ചവരുടെ എണ്ണം പതിനൊന്നായിരം കടന്നു
ജിദ്ദ: സൗദിൽ നിന്നും അടിയന്തിര സഹായങ്ങളുമായി പുറപ്പെട്ട ആദ്യ വിമാനം ലിബയയിലെത്തി. ഭക്ഷണം, മരുന്നുകൾ എന്നിവയുമായാണ് വിമാനങ്ങൾ പുറപ്പെടുന്നത്. ചുഴലിക്കാറ്റും വെള്ളപ്പൊക്കവും മൂലം ലിബിയയിൽ മരിച്ചവരുടെ എണ്ണം പതിനൊന്നായിരം കടന്നു.
ഡാനിയൽ കൊടുങ്കാറ്റിനെ തുടർന്നുണ്ടായ പ്രളയം മൂലം ലിബിയയിൽ ദുരിതമനുഭവിക്കുന്നവർക്ക് അടിയന്തിര സഹായമെത്തിക്കാൻ സൗദി രാജാവും കിരീടാവകാശിയും പ്രത്യേക നിർദേശം നൽകിയിരുന്നു. ഇതിനെ തുടർന്നാണ് സൗദി റിലീഫ് എയർ ബ്രിഡ്ജ് ആരംഭിച്ചത്. 90 ടണ് ഭക്ഷണ സാധനങ്ങളും, മെഡിക്കൽ സഹായം, താൽക്കാലിക പാർപ്പിട സംവിധാനങ്ങൾ എന്നിവയുമായാണ് ആദ്യ വിമാനം സൗദിയിൽ നിന്നും പുറപ്പെട്ടത്. ഇവയുടെ വിതരണത്തിനും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നതിനും വിദഗ്ധ പരിശീലനം ലഭിച്ച പ്രത്യേക സംഘവും പുറപ്പെട്ടിട്ടുണ്ട്.
ലിബിയൻ റെഡ് ക്രസന്റുമായി സഹകരിച്ചാണ് ഇവർ ദുരുതാശ്വാസ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുക. റിയാദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ലിബിയയിലെ ബെംഗാസി എയർപോർട്ടിലേക്കാണ് വിമാനം പുറപ്പെട്ടത്. ഡാനിയൽ കൊടുങ്കാറ്റിനെ തുടർന്നുണ്ടായ പ്രളയത്തിൽ ഇത് വരെ മരിച്ചവരുടെ 11,000 കവിഞ്ഞതായാണ് റിപ്പോർട്ടുകൾ, പതിനായിരത്തോളം പേരെ കാണാതാവുകയും ചെയ്തു. ഈ സാഹചര്യത്തിൽ മരണ സംഖ്യ 20,000 കവിയാനിടയുണ്ടെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. വരും ദിവസങ്ങളിലും കൂടുതൽ വിമാനങ്ങൾ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി സൗദിയിൽ നിന്നും ലിബിയയിലേക്ക് പുറപ്പെടും.