ഗസ്സക്കുള്ള സൗദിയുടെ സഹായം; അവശ്യ വസ്തുക്കളുമായി ട്രക്കുകള്‍ ഗസ്സയിലെത്തി
|ഐക്യരാഷ്ട്ര സഭ റിലീഫ് സെല്ലുമായി സഹകരിച്ചാണ് സഹായ വിതരണം
കിങ് സല്‍മാന്‍ റിലീഫ് സെന്ററിന് കീഴില്‍ ഗസ്സക്കുള്ള സൗദിയുടെ സഹായ പ്രവാഹം തുടരുന്നു. വ്യോമ കടല്‍ മാര്‍ഗ്ഗം ഈജിപ്തിലെത്തിച്ച അവശ്യവസ്തുക്കളുടെ വിതരണം ഗസ്സയില്‍ ആരംഭിച്ചു.
ചരക്കുകള്‍ വഹിച്ചുള്ള ട്രക്കുകള്‍ റഫ അതിര്‍ത്തി വഴി കഴിഞ്ഞ ദിവസം ഗസ്സിയിലെത്തി. ഐക്യരാഷ്ട്ര സഭ റിലീഫ് സെല്ലുമായി സഹകരിച്ചാണ് സഹായം വിതരണം ചെയ്യുന്നത്. ഇസ്രായേലും ഹമാസും തമ്മിലുള്ള വെടിനിര്‍ത്തല്‍ കരാര്‍ നിലവില്‍ വന്നതിന് ശേഷം ഗസ്സയിലേക്കുള്ള അവശ്യവസ്തുക്കളുടെ വിതരണം വര്‍ധിപ്പിക്കാന്‍ കഴിഞ്ഞതായി യു.എന്‍ ഫലസ്തീന്‍ സഹായ ഏജന്‍സി അറിയിച്ചു.
വടക്കന്‍ ഗസ്സയിലുള്‍പ്പെടെ സഹായം വിതരണം എത്തിക്കാന്‍ കഴിഞ്ഞതായും യു.എന്‍ വ്യക്തമാക്കി. ഇരുപതോളം വിമാനങ്ങളിലും ചരക്ക് കപ്പലിലുമായാണ് സൗദിയുടെ സഹായം ഗസ്സയിലെത്തിച്ചത്. അവശ്യ വസ്തുക്കളായ ഭക്ഷണം മരുന്ന്, താല്‍ക്കാലിക പാര്‍പ്പിട സൗകര്യങ്ങള്‍ എന്നിവയാണ് സഹായത്തിലുള്‍പ്പെടുത്തിയിട്ടുള്ളത്.