സുഡാനിൽ വെള്ളപ്പൊക്കത്തിലും പേമാരിയിലും ദുരിതമനുഭവിക്കുന്നവർക്ക് സൗദിയുടെ സഹായം
|സുഡാനിൽ വെള്ളപ്പൊക്കത്തിലും പേമാരിയിലും ദുരിതമനുഭവിക്കുന്നവർക്കാണ് സൗദിയുടെ സഹായം. ഭരണാധികാരി സൽമാൻ രാജാവിന്റെ നിർദേശത്തെ തുടർന്നാണ് അടിയന്തര സഹായം ലഭ്യമാക്കിയത്.
റിയാദ്: വെള്ളപ്പൊക്ക ദുരിതത്തിലായ സുഡാനിലെ ജനങ്ങൾക്ക് സൗദി ഭരണാധികാരി സൽമാൻ രാജാവിന്റെ അടിയന്തര സഹായം. ഭക്ഷണവും മരുന്നും ക്യാമ്പിങ് സാമഗ്രികളുമടങ്ങിയ നൂറ് ടൺ ഉൽപന്നങ്ങളുമായി രണ്ട് വിമാനം സുഡാനിലെ ഖർത്തൂമിലെത്തി.
സുഡാനിൽ വെള്ളപ്പൊക്കത്തിലും പേമാരിയിലും ദുരിതമനുഭവിക്കുന്നവർക്കാണ് സൗദിയുടെ സഹായം. ഭരണാധികാരി സൽമാൻ രാജാവിന്റെ നിർദേശത്തെ തുടർന്നാണ് അടിയന്തര സഹായം ലഭ്യമാക്കിയത്. ഭക്ഷണവും മരുന്നും ക്യാമ്പിങ് സാമഗ്രികളുമടങ്ങുന്ന വസ്തുക്കളാണ് അടിയന്തരമായി സുഡാനിലേക്ക് അയച്ചത്. കിങ് സൽമാൻ റിലീഫ് സെന്ററാണ് ദുരിതാശ്വാസ സഹായങ്ങളുമായി വിമാനങ്ങൾ അയച്ചത്.
ഇവ പേമാരിയിലും വെള്ളപ്പൊക്കത്തിലും നാശം വിതച്ച പ്രദേശങ്ങളിലേക്ക് വിതരണത്തിന് കൊണ്ടുപോകും. വിതരണത്തിനായി പ്രത്യേക സംഘവും സുഡാനിലെത്തിയിട്ടുണ്ട്. നിരവധി പേരുടെ മരണത്തിനും പരിക്കിനും വൻ നാശനഷ്ടങ്ങൾക്കും കാരണമായ പേമാരിയെ തുടർന്ന് ബുദ്ധിമുട്ടനുഭവിക്കുന്ന സുഡാനിലെ സഹോദരങ്ങൾക്ക് അടിയന്തര ആശ്വാസമായാണ് സഹായം അയച്ചതെന്ന് റോയൽ കോർട്ട് ഉപദേഷ്ടാവും കിങ് സൽമാൻ റിലീഫ് കേന്ദ്രം ജനറൽ സൂപ്പർവൈസറുമായ ഡോ. അബ്ദുല്ല അൽറബിയ പറഞ്ഞു.